മോഡി ഭക്തരെ ഒരു നിമിഷം പോലും കോണ്‍ഗ്രസ് എന്ന മഹാ പ്രസ്ഥാനത്തില്‍ വച്ചുപുലര്‍ത്തരുത്; അബ്ദുള്ളക്കുട്ടിക്കെതിരെ ആഞ്ഞടിച്ച് എഎം രോഹിത്

എപി അബ്ദുള്ളക്കുട്ടി എന്ന മനുഷ്യന്‍ എപ്പോഴും അധികാരത്തിന്റെ അരിക് പറ്റി നില്‍ക്കാന്‍ ആഗ്രഹിക്കുന്ന ഒരാള്‍ ആയിട്ടാണ് തനിക്ക് തോന്നിയിട്ടുള്ളതെന്നും രോഹിത് കുറിച്ചു

തൃശ്ശൂര്‍: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച നരേന്ദ്ര മോഡിയെ സ്തുതിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട കോണ്‍ഗ്രസ് നേതാവ് എപി അബ്ദുള്ളക്കുട്ടിക്കെതിരെ കെപിസിസി അംഗം എഎം രോഹിത് രംഗത്ത്. അബ്ദുള്ളക്കുട്ടിയെപ്പോലെയുള്ള മോഡി ഭക്തരെ ഒരു നിമിഷം പോലും കോണ്‍ഗ്രസ് എന്ന മഹാ പ്രസ്ഥാനത്തില്‍ വച്ചുപുലര്‍ത്തരുതെന്നും എത്രയും പെട്ടെന്ന് പുറത്തുകളയണമെന്നും രോഹിത് പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് രോഹിത് അബ്ദുള്ളക്കുട്ടിക്കെതിരെ പ്രതികരിച്ചത്. കോണ്‍ഗ്രസ് പാരമ്പര്യം മനസ്സില്‍ കാത്ത് സൂക്ഷിക്കുന്ന ഒരാള്‍ക്കും മോഡിയെ പുകഴ്ത്തി ഒരു വാക്ക് പോലും എഴുതുവാനോ പറയുവാനോ സാധിക്കില്ല. എപി അബ്ദുള്ളക്കുട്ടി എന്ന മനുഷ്യന്‍ എപ്പോഴും അധികാരത്തിന്റെ അരിക് പറ്റി നില്‍ക്കാന്‍ ആഗ്രഹിക്കുന്ന ഒരാള്‍ ആയിട്ടാണ് തനിക്ക് തോന്നിയിട്ടുള്ളതെന്നും രോഹിത് കുറിച്ചു.

ഗാന്ധിയന്‍ മൂല്യം ഭരണത്തില്‍ പ്രയോഗിച്ചതാണ് മോഡിയെ ജനപ്രിയനാക്കിയതെന്ന്ും തെരഞ്ഞെടുപ്പ് വിജയം മോഡിയുടെ വികസന അജണ്ടക്കുള്ള അംഗീകാരമാണെന്നുമാണ് അബ്ദുള്ളക്കുട്ടി ഫേസ്ബുക്കിലൂടെ പറഞ്ഞത്. ബിജെപിക്ക് അകത്തുള്ളവരെ പോലും ആശ്ചര്യപ്പെടുത്തുന്ന വിജയമാണ് മോഡിയുടേതെന്നും മോഡിയുടെ വിജയം എല്ലാ രാഷ്ട്രീയ പ്രവര്‍ത്തകരും വിശകലനം ചെയ്യണമെന്നും കൂട്ടിച്ചേര്‍ത്ത അബ്ദുള്ളക്കുട്ടിയ്‌ക്കെതിരെ പ്രതിഷേധവുമായി നിരവധി പേരാണ് എത്തുന്നത്.

Exit mobile version