ബ്രോഡ് വേ മാര്‍ക്കറ്റിലെ തീപിടുത്തത്തിനു കാരണം ഷോര്‍ട്ട് സര്‍ക്യൂട്ട്; പഴയ കെട്ടിടങ്ങള്‍ക്ക് അഗ്‌നിസുരക്ഷാ സംവിധാനങ്ങളില്ല

ബ്രോഡ് വേയിലടക്കം പലയിടത്തും പഴയ കെട്ടിടങ്ങള്‍ക്ക് അഗ്‌നിസുരക്ഷാ സംവിധാനങ്ങളില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

കൊച്ചി: എറണാകുളം ബ്രോഡ് വേ മാര്‍ക്കറ്റില്‍ ഇന്നലെയുണ്ടായ തീപിടുത്തത്തിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടെന്ന് അഗ്‌നിശമന സേനാ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്. ബ്രോഡ് വേയിലടക്കം പലയിടത്തും പഴയ കെട്ടിടങ്ങള്‍ക്ക് അഗ്‌നിസുരക്ഷാ സംവിധാനങ്ങളില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ഇന്നലെയാണ് ബ്രോഡ്വേയിലെ ഒരു വസ്ത്രവ്യാപാരക്കടയില്‍ തീപിടുത്തമുണ്ടായത്. പിന്നീട് അഗ്‌നിബാധ കൂടുതല്‍ കടകളിലേക്കു പടര്‍ന്നു. തുടര്‍ന്ന് സമീപത്തുള്ള എല്ലാ കടകളില്‍ നിന്നും ഇന്നലെ കൃത്യസമയത്ത് ആളുകളെ ഒഴിപ്പിച്ചിരുന്നതിനാല്‍ കൂടുതല്‍ അപകടമുണ്ടായില്ല. മൂന്ന് ഫയര്‍ഫോഴ്‌സ് യൂണിറ്റുകളാണു സ്ഥലത്തെത്തി തീയണച്ചത്. തൃക്കാക്കരയില്‍ നിന്നും കൊച്ചിയില്‍ നിന്നുമുള്ള യൂണിറ്റുകളാണ് തീയണയ്ക്കാന്‍ എത്തിയത്.

മാര്‍ക്കറ്റില്‍ ഭദ്ര ടെക്‌സ്റ്റൈല്‍സ് എന്ന കടയിലാണ് ആദ്യം തീപിടിച്ചത്. ഹോള്‍സെയില്‍ വസ്ത്രങ്ങള്‍ വില്‍ക്കുന്ന കടയാണിത്. കെട്ടിടത്തിനകത്തെ തീയണയ്ക്കാന്‍ ഏറെനേരമായി ശ്രമം നടക്കുന്നുണ്ടെങ്കിലും പൂര്‍ണ്ണമായി അതു സാധ്യമായിട്ടില്ല. മൂന്നുനിലകളിലായി പ്രവര്‍ത്തിക്കുന്ന ഈ കട ഇപ്പോഴും കത്തിക്കൊണ്ടിരിക്കുകയാണ്. മേല്‍ക്കൂര ഏറെക്കുറേ കത്തിയമര്‍ന്നുകഴിഞ്ഞു. വളരെ പഴയ ഒരു കെട്ടിടത്തിലാണ് ഈ കട പ്രവര്‍ത്തിക്കുന്നത്.

ഫയര്‍ഫോഴ്‌സിനു പുറമേ മാര്‍ക്കറ്റിലെ തൊഴിലാളികളും തീയണയ്ക്കാനുള്ള ശ്രമത്തില്‍ ഏര്‍പ്പെട്ടിരിന്നു. കൊച്ചി നഗരത്തില്‍ ഏതു ഭാഗത്തുനിന്നു നോക്കിയാലും പുക കാണാവുന്ന അവസ്ഥയായിരുന്നു ഇന്നലെ. എന്നാല്‍ അഗ്‌നിശമന സേനയും നാട്ടുകാരും യഥാസമയം ഇടപെട്ടതിനാല്‍ ആര്‍ക്കും പൊള്ളലേല്‍ക്കുകയോ മറ്റ് അപകടങ്ങള്‍ സംഭവിക്കുകയോ ചെയ്തില്ല.

Exit mobile version