രാക്കിളി പൊന്‍ മകളേ…വിവാഹത്തലേന്ന് മകള്‍ക്കായി പാടി മുഴുവനാക്കിയില്ല; പിതാവ് വേദിയില്‍ കുഴഞ്ഞുവീണു മരിച്ചു; ഒന്നുമറിയാതെ മകള്‍ക്ക് താലികെട്ട്

നീണ്ടകര പരിമണം ക്ഷേത്രത്തില്‍ നിശ്ചയിച്ചിരുന്ന വീഡിയോ സമീപത്തെ ഓഡിറ്റോറിയത്തിലേക്ക് മാറ്റുകയും ചെയ്തിരുന്നു.

നീണ്ടകര : മകളുടെ വിവാഹത്തലേന്ന് സല്‍ക്കാരത്തില്‍ മകളെ യാത്രയയ്ക്കുന്ന പാട്ട് പാടവെ കുഴഞ്ഞുവീണ് അച്ഛന് മരണം. എന്നാല്‍ അച്ഛന്റെ വിയോഗം അറിയിക്കാതെ മകളെ ബന്ധുക്കള്‍ സുമംഗലിയാക്കി. വിവാഹ സ്വീകരണപ്പന്തലില്‍ യാത്രാമൊഴി പാടുന്ന അച്ഛന്‍ കുഴഞ്ഞുവീഴുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയാണ്.

ഇളയമകള്‍ ആര്‍ച്ച പ്രസാദിന്റെ വിവാഹത്തലേന്നാണ് നീണ്ടകര പുത്തന്‍തുറ എഎംസി മുക്ക് താഴത്തുരുത്തില്‍ ചമ്പോളില്‍വീട്ടില്‍ വിഷ്ണുപ്രസാദ് (55) കുഴഞ്ഞുവീണു മരിച്ചത്. തിരുവനന്തപുരം കരമന സ്റ്റേഷനിലെ എസ്‌ഐയാണ്. വിവാഹം മാറ്റിവെക്കുന്നത് പ്രയാസമുണ്ടാക്കുന്നതിനാല്‍ മകളെ മരണവിവരം അറിയിക്കേണ്ടെന്ന് ബന്ധുക്കള്‍ തീരുമാനിക്കുകയായിരുന്നു. നീണ്ടകര പരിമണം ക്ഷേത്രത്തില്‍ നിശ്ചയിച്ചിരുന്ന വിവാഹം സമീപത്തെ ഓഡിറ്റോറിയത്തിലേക്ക് മാറ്റുകയും ചെയ്തിരുന്നു. ഞായറാഴ്ചയായിരുന്നു വിവാഹം.

അമരം സിനിമയിലെ വികാര നൗകയുമായ് എന്ന ഗാനമാണ് വിഷ്ണുപ്രസാദ് ആലപിച്ചത്. രാക്കിളി പൊന്‍മകളേ നിന്‍ പൂവിളി യാത്രാമൊഴിയാണോ നിന്‍ മൗനം പിന്‍വിളിയാണോ എന്ന വരികള്‍ പാടിക്കഴിഞ്ഞപ്പോള്‍ കുഴഞ്ഞുവീഴുകയായിരുന്നു. പരിഭ്രാന്തരായ ബന്ധുക്കള്‍ ഉടന്‍ നീണ്ടകരയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് ജില്ലാ ആശുപത്രിയിലും എത്തിച്ചെങ്കിലും മരിച്ചു. കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലാണെന്നാണ് ബന്ധുക്കള്‍ ആര്‍ച്ചയെ അറിയിച്ചിരുന്നത്. ആര്‍ച്ചയെ വിവാഹം കഴിച്ചത് കടയ്ക്കല്‍ സ്വദേശിയായ വിഷ്ണു പ്രസാദാണ്.

ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം തിങ്കളാഴ്ച നാലിന് വീട്ടുവളപ്പില്‍ സംസ്‌കരിക്കും. ഭാര്യ: സുഷമ. മറ്റു മക്കള്‍: അനു പ്രസാദ്, ആര്യ പ്രസാദ്. മരുമകന്‍: ഷാബു. മൂത്തമകന്‍ അനു പ്രസാദ് പോലീസ് കോണ്‍സ്റ്റബിള്‍ റാങ്ക് ലിസ്റ്റിലുണ്ട്.

Exit mobile version