വടകരയില്‍ സംഘര്‍ഷം; നിരോധനാജ്ഞ പ്രഖ്യാപിച്ചു

കോഴിക്കോട്; തെരഞ്ഞടുപ്പ് ഫലം വന്നതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ വടകരയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. 25 ന് രാവിലെ 10 മുതല്‍ 27 ന് രാവിലെ 10 വരെയാണ് പോലീസ് ആക്ട് പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചത്. തെരഞ്ഞെടുപ്പില്‍ യുഡിഎഫ് ജയിച്ചതിന് പിന്നാലെ വടകര മേഖലയില്‍ വ്യാപക സംഘര്‍ഷം ഉണ്ടായിരുന്നു. ഒഞ്ചിയത്ത് തട്ടോളിക്കരയില്‍ ആര്‍എംപി നേതാവിന്റെ വീടിന് നേരെ ബോംബേറുണ്ടായി തിരുവള്ളൂര്‍ വെള്ളൂക്കരയിലും യുഡിഎഫ് ആഹ്ലാദപ്രകടനത്തില്‍ പ്രശ്‌നങ്ങള്‍ നടന്നു. വടകര,നാദാപുരം,കുറ്റ്യാടി,പേരാമ്പ്ര,കൊയിലാണ്ടി,ചോമ്പാല, എടച്ചരി, വളയം പോലീസ് സ്റ്റേഷന്‍ പരിതിയിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചതെന്ന് പോലീസ് ചീഫിന്റെ ഓഫീസ് അറിയിച്ചു.

സംസ്ഥാനത്തിലെ പ്രധാനപ്പെട്ട ലോക്‌സഭ മണ്ഡലങ്ങളില്‍ ഒന്നാണ് വടകര. കടുത്ത പോരാട്ടമെന്ന് വിശേഷിപ്പിച്ച വടകരയില്‍ ഏകപക്ഷീയ വിജയം കുറിച്ചത് കെ മുരളീധരനാണ്. രാഹുലിന്റെ വരവ് കൂടിയായതോടെ കോണ്‍ഗ്രസോ യുഡിഎഫോ പോലും പ്രതീക്ഷിക്കാത്ത മുന്നേറ്റമാണ് മുരളി കാഴ്ചവെച്ചത്. സിപിഎം മികച്ച ലീഡ് പ്രതീക്ഷിച്ച കൂത്തുപറമ്പില്‍ പോലും ഇടത് ക്യാമ്പിനെ അമ്പരപ്പിച്ചുകൊണ്ട് മുരളി മുന്നിലെത്തി.

വടകരയില്‍ സിറ്റിങ് എംപി മുല്ലപ്പള്ളി 2014ല്‍ നേടിയതിനേക്കാള്‍ 25 ഇരട്ടിയോളമാണ് കെ മുരളീധരന്‍ ഇത്തവണ നേടിയ ഭൂരിപക്ഷം. 526755 വോട്ടുകളാണ് കെ മുരളീധരന്‍ നേടിയത്. വടകരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി ജയരാജന് 442092 വോട്ടുകള്‍ നേടി. ബിജെപി സ്ഥാനാര്‍ത്ഥി വികെ സജീവന് 80128 വോട്ടുകള്‍ നേടിയപ്പോള്‍ എസ്ഡിപിഐ സ്ഥാനാര്‍ത്ഥി 5544 വോട്ടുകള്‍ നേടി. സംസ്ഥാനത്തെ തന്നെ ഏറ്റവും കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയ മണ്ഡലങ്ങളിലൊന്നാണ് വടകര.

Exit mobile version