സ്‌കൂട്ടറില്‍ അഞ്ച് പേരുമായി വന്ന മധ്യവയസ്‌കനെ കണ്ട് തൊഴുത് നിന്ന് വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍! പിന്നീട് നടപടി; ഫോട്ടോ വൈറല്‍

ഫോര്‍ട്ട് കൊച്ചിയിലെ വെളി ഗ്രൗണ്ടില്‍ പതിവ് തെറ്റിക്കാതെ വാഹന പരിശോധന നടത്തുകയായിരുന്നു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ എന്‍ വിനോദ് കുമാറും സംഘവും.

ഫോര്‍ട്ട്കൊച്ചി: ഫോര്‍ട്ട് കൊച്ചിയിലെ വെളി ഗ്രൗണ്ടില്‍ പതിവ് തെറ്റിക്കാതെ വാഹന പരിശോധന നടത്തുകയായിരുന്നു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ എന്‍ വിനോദ് കുമാറും സംഘവും.

അപ്പോഴാണ് നിയമംലംഘിച്ച് ഇന്‍സ്പെക്ടറുടെ മുന്നിലേക്ക് നാല് കുട്ടികളുമായി ഹെല്‍മറ്റ് വക്കാതെ സ്‌കൂട്ടര്‍ ഓടിച്ച് ഒരു മധ്യവയസ്‌കന്‍ എത്തിയത്. തന്റെ ജീവിത്തില്‍ ആദ്യമായി ഇത്തരമൊരു കാഴ്ച കണ്ട വിനോദ് കുമാര്‍ ആദ്യം അവരെ നോക്കിയൊന്ന് കൈകൂപ്പി. പിന്നെയായിയിരുന്നു മറ്റ് നടപടിക്രമങ്ങള്‍ തുടങ്ങിയത്. സംഭവം കണ്ടു നിന്നവര്‍ ഫോണില്‍ രംഗം പകര്‍ത്താനും മറന്നില്ല. അതോടെ ഇത് സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തു. മെയ് 22 ബുധനാഴ്ചയായിരുന്നു സംഭവം.

ഇയാളുടെ വാഹന രേഖകളില്‍ നടത്തിയ പരിശോധനയില്‍ വാഹനത്തിന്റെ ഇന്‍ഷൂറന്‍സ് കാലാവധി കഴിഞ്ഞതാണെന്നും കണ്ടെത്തി. 2100 രൂപ മോട്ടോര്‍ വാഹന വകുപ്പ് ഫൈന്‍ ഈടാക്കി. വാഹനത്തിന് ഇന്‍ഷുറന്‍സ് അടയ്ക്കാതിരുന്നതിന് 1000 രൂപ, കുട്ടികളെ കുത്തിനിറച്ച് വാഹനം ഓടിച്ചതിന് 1000 രൂപ, ഹെല്‍മറ്റ് വയ്ക്കാത്തതിന് 100 രൂപ എന്നിങ്ങനെയാണ് ഫൈന്‍ ഈടാക്കിയത്.

വാഹന സുരക്ഷ ജനങ്ങളെ ബോധ്യപ്പെടുത്താന്‍ സഹായിക്കുന്ന രീതിയില്‍ ആ ഫോട്ടോ പ്രചരിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ എന്‍ വിനോദ് കുമാര്‍ പ്രതികരിച്ചു. ഫോട്ടോ ശ്രദ്ധയില്‍പെട്ട മേലധികാരികളും അഭിനന്ദിക്കുകയാണ് ചെയ്തത്. വ്യത്യസ്തമായ വാഹന പരിശോധന എന്ന രീതിയിലാണ് പ്രചരിക്കുന്നത്. സുരക്ഷയെ കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കാന്‍ ആ ചിത്രത്തിന് കഴിയുമെങ്കില്‍ അത് നല്ലതാണെന്നും എന്‍ വിനോദ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.

Exit mobile version