ജോലി മാറി, കാക്കി മാറിയില്ല; സ്വകാര്യ ബസ് ഡ്രൈവറായിരുന്ന ജിതിന്‍ ഇനി അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍, കൈയ്യടി

ബിടെക് ബിരുദധാരി ഡ്രൈവറാകുന്നതില്‍ വീട്ടുകാര്‍ക്കുള്ളില്‍ തന്നെ വന്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു.

ആലപ്പുഴ: ഭരണിക്കാവ്-ചെങ്ങന്നൂര്‍ റൂട്ടിലെ സ്വകാര്യ ബസ് ഡ്രൈവറായ ബിടെക് ബിരുദമുള്ള 28കാരനായ ജിതിന്‍ പി എസ് ഇനി അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍. ജോലി മാറിയെങ്കിലും ജിതിന് കാക്കിയില്‍ നിന്നും മാറ്റമില്ല. കഴിഞ്ഞ മൂന്നു വര്‍ഷമായി ബസിന്റെ വളയം പിടിക്കുകയായിരുന്നു ജിതിന്‍.

വര്‍ഷങ്ങള്‍ക്കു മുന്‍പ് എഴുതിയ പിഎസ്‌സി പരീക്ഷയിലൂടെ ഫെബ്രുവരി 27 ന് ആലപ്പുഴ ആര്‍ടിഒ ഓഫീസില്‍ ജിതിന്‍ അസിസ്റ്റന്റ് മോട്ടര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറായി ചുമതലയേല്‍ക്കുകയായിരുന്നു. ചുനക്കരതെക്ക് ജ്യോതിസ്സില്‍ പുരുഷന്‍ശോഭ ദമ്പതികളുടെ മകനായ ജിതിന്‍ ആറ്റിങ്ങല്‍ ഗവ. പോളി ടെക്‌നിക്കില്‍ നിന്ന് ഓട്ടമൊബീല്‍ ഡിപ്ലോമ എടുത്ത ശേഷം പാറ്റൂര്‍ ശ്രീബുദ്ധ എന്‍ജിനീയറിങ് കോളേജില്‍ നിന്നു ബിടെക് പൂര്‍ത്തിയാക്കി. എന്‍ജിനീയറിങ് യോഗ്യതയുമായി സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലിക്ക് അപേക്ഷിച്ചെങ്കിലും തുച്ഛമായ വേതനമാണ് പലയിടത്തും വാഗ്ദാനം ലഭിച്ചത്. ഇതോടെയാണ് ജിതിന്‍ ബസ് ഡ്രൈവറാകാന്‍ തീരുമാനിച്ചത്.

ബിടെക് ബിരുദധാരി ഡ്രൈവറാകുന്നതില്‍ വീട്ടുകാര്‍ക്കുള്ളില്‍ തന്നെ വന്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. മകനെ ബസില്‍ ഡ്രൈവറായി കണ്ടതിന് അച്ഛനമ്മമാരെ നാട്ടുകാരും കുറ്റപ്പെടുത്തി തുടങ്ങി. എന്നാല്‍ എല്ലാം തന്നെ തളളിക്കളഞ്ഞ് മുന്‍പോട്ട് പോവുകയായിരുന്നു. മെച്ചപ്പെട്ട ദിവസ വരുമാനവും ആഴ്ചയില്‍ മൂന്നുനാാല് ദിവസം വരെ അവധിയുമുള്ള ജോലിക്കിടയില്‍ പഠിക്കാന്‍ സമയം കണ്ടെത്തി. പിതാവ് പുരുഷന്‍ സൈനികനാണ്. ജിതിന്റെ ഏക സഹോദരി ജ്യോതി പാറ്റൂര്‍ എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ത്ഥിനിയാണ്.

Exit mobile version