കോഴിക്കോട് കളക്ടര്‍ യുവി ജോസിനെയും ദേവികുളം സബ് കളക്ടര്‍ പ്രേം കുമാറിനെയും സ്ഥലം മാറ്റി

തിരുവനന്തപുരം: കോഴിക്കോട് കളക്ടര്‍ യു വി ജോസിനെയും ദേവികുളം സബ് കളക്ടര്‍ വി ആര്‍ പ്രേം കുമാറിനെയും സ്ഥലം മാറ്റി. ഇന്നത്തെ മന്ത്രിസഭായോഗത്തിന്റെതാണ് തീരുമാനം. പുതിയ കോഴിക്കോട് കളക്ടര്‍ ശ്രീറാം സാംബശിവ റാവുവാണ്. പ്രേം കുമാറിനു പകരം ആരെന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല. പ്രേം കുമാറിനെ മാറ്റണമെന്ന് സിപിഎം ജില്ലാ നേതൃത്വവും എസ് രാജേന്ദ്രന്‍ എംഎല്‍എയും ആവശ്യപ്പെട്ടിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

ദേവികുളം സബ് കളക്ടറായി പ്രേം കുമാര്‍ എത്തുന്നത് ശ്രീറാം വെങ്കിട്ടരാമനു ശേഷമാണ്. ശ്രീറാം വെങ്കിട്ടരാമനെ പോലതന്നെ കയ്യേറ്റത്തിനും നിയമലംഘനത്തിനുമെതിരെ ശക്തമായ നടപടികള്‍ സ്വീകരിച്ചിരുന്ന ഉദ്യോഗസ്ഥനായിരുന്നു പ്രേം കുമാറും. പ്രളയത്തിനു ശേഷം മൂന്നാര്‍ മേഖലയില്‍ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വലിയതോതില്‍ നിയന്ത്രണങ്ങളുണ്ട്.

പ്രേം കുമാര്‍ പുതിയ കെട്ടിട നിര്‍മാണത്തിനും മറ്റുമായി സമീപിക്കുന്നവര്‍ക്ക് കര്‍ശനപരിശോധനകള്‍ക്കു ശേഷമാണ് അനുമതി നല്‍കിയിരുന്നത്. ദേവികുളം സബ് കളക്ടറുടെ നോണ്‍ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങണമെന്നുള്ളത് മൂന്നാര്‍ മേഖലയിലെ നിര്‍മാണങ്ങള്‍ക്ക് നിര്‍ബന്ധമാണ്.

പ്രളയാന്തര പുനര്‍നിര്‍മാണത്തിന്റെ സാഹചര്യത്തില്‍,രാഷ്ട്രീയ നേതൃത്വം ഉള്‍പ്പെടെയുള്ള പല കേന്ദ്രങ്ങളെയും കര്‍ക്കശനിലപാടു സ്വീകരിക്കുന്ന പ്രേം കുമാറിനെ പോലുള്ള ഒരു ഉദ്യോഗസ്ഥന്റെ സാന്നിധ്യം അലോസരപ്പെടുത്തിയിരുന്നു. ഇതാകാം സ്ഥാനചലനത്തിന് കാരണമെന്നാണ് സൂചന.

Exit mobile version