ചില സുനാമിയും പ്രളയവും ചുഴലിയുമൊക്കെ വരുമ്പോള്‍ ആനപോലും പറന്നുപോകും, പിന്നെയല്ലേ ആട്ടിന്‍കുട്ടി..? പ്രതികരണവുമായി എ സമ്പത്ത്

തനിക്ക് വോട്ട് രേഖപ്പെടുത്തിയവര്‍ക്കും തനിക്കായി പ്രവര്‍ത്തിച്ചവര്‍ക്കും വോട്ട് ചെയ്യാത്തവര്‍ക്കും നന്ദി അറിയിക്കുന്നുവെന്നും അദ്ദേഹം പറയുന്നു.

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം നേരിട്ട അപ്രതീക്ഷിത തിരിച്ചടിയില്‍ പ്രതികരണവുമായി ആറ്റിങ്ങല്‍ സ്ഥാനാര്‍ത്ഥിയായിരുന്ന എ സമ്പത്ത്. പ്രതീക്ഷച്ചത്ര വോട്ടുകള്‍ കിട്ടാത്തതുകൊണ്ടും എതിരാളിക്ക് പ്രതീക്ഷച്ചതിലും കൂടുതല്‍ വോട്ട് കിട്ടിയതുമാണ് തെരഞ്ഞെടുപ്പിലെ പരാജയകാരണമെന്നും അദ്ദേഹം പറഞ്ഞു. ഈ ഘട്ടത്തില്‍ ഇത്രയേ പറയാനാകൂ എന്നും സാഹചര്യങ്ങളും കണക്കുകളും പരിശോധിച്ചതിന് ശേഷം പാര്‍ട്ടി നേതാക്കള്‍ വിശകലനങ്ങള്‍ പങ്കുവയ്ക്കുമെന്നും സമ്പത്ത് കൂട്ടിച്ചേര്‍ത്തു.

തനിക്ക് വോട്ട് രേഖപ്പെടുത്തിയവര്‍ക്കും തനിക്കായി പ്രവര്‍ത്തിച്ചവര്‍ക്കും വോട്ട് ചെയ്യാത്തവര്‍ക്കും നന്ദി അറിയിക്കുന്നുവെന്നും അദ്ദേഹം പറയുന്നു. വിജയിച്ച സ്ഥാനാര്‍ത്ഥി അടൂര്‍ പ്രകാശിനെ അഭിനന്ദിക്കാനും അദ്ദേഹം മറന്നില്ല. തെരഞ്ഞെടുപ്പ് നന്നായി നടത്താന്‍ കഠിനപ്രയത്‌നം നടത്തിയ ഉദ്യോഗസ്ഥര്‍ക്കും തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍ ജനങ്ങളിലെത്തിച്ച മാധ്യമപ്രവര്‍ത്തകര്‍ക്കും കൂടി സമ്പത്ത് നന്ദി അറിയിച്ചു. എല്ലാവരും വിജയം ഉറപ്പിച്ചിരുന്ന സ്ഥാനാര്‍ത്ഥി ആയിരുന്നല്ലോ എന്ന ചോദ്യത്തിന് ‘ചില സുനാമിയും പ്രളയവും ചുഴലിയുമൊക്കെ വരുമ്പോള്‍ ആനപോലും പറന്നുപോകും, പിന്നെയല്ലേ ആട്ടിന്‍കുട്ടി?’ എന്ന് അദ്ദേഹം മറുപടിയും നല്‍കി.

തോല്‍വി കണക്കാക്കുന്നില്ലെന്നും ജനങ്ങള്‍ക്കൊപ്പം ജനങ്ങള്‍ക്കിടയില്‍ തുടരുമെന്നും എ സമ്പത്ത് പറഞ്ഞു. അത് കുട്ടിക്കാലം മുതലുള്ള ശീലമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തെരഞ്ഞെടുപ്പില്‍ തോറ്റു, അതുകൊണ്ട് തന്നെ സൂപ്പാക്കരുതെന്നും തന്നില്‍ ഔഷധമൂല്യം ഇല്ല എന്നും തമാശ രൂപേണ മറുപടി നല്‍കി. സാധാരണക്കാരനായ ഒരു മനുഷ്യനാണ് താന്‍. പാര്‍ട്ടി ഏല്‍പ്പിച്ച ചുമതലപ്രകാരം ചുറ്റിക അരിവാള്‍ നക്ഷത്രം അടയാളത്തില്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചു. പാര്‍ട്ടി ഭാവിയില്‍ തരുന്ന ഉത്തരവാദിത്വങ്ങളും ഏറ്റെടുക്കുമെന്ന് സമ്പത്ത് അറിയിച്ചു.

Exit mobile version