ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്റെ പരാജയം; പ്രതികരണവുമായി പിണറായി വിജയന്‍

കേരളത്തില്‍ ഇത്തരത്തിലുള്ള ഒരു പരാജയം പ്രതീക്ഷിച്ചതായിരുന്നില്ലെന്നും എല്‍ഡിഎഫിന്റെ പരാജയത്തിന് ഇടയാക്കിയ കാരണങ്ങള്‍ വിശദമായി പരിശോധിക്കുമെന്നും വാര്‍ത്താക്കുറിപ്പില്‍ മുഖ്യമന്ത്രി വ്യക്തമാക്കി

തിരുവനന്തപുരം: 17-ാം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടുപക്ഷത്തിന് നേരിടേണ്ടി വന്ന പരാജയത്തെ കുറിച്ച് പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തില്‍ ഇത്തരത്തിലുള്ള ഒരു പരാജയം പ്രതീക്ഷിച്ചതായിരുന്നില്ലെന്നും എല്‍ഡിഎഫിന്റെ പരാജയത്തിന് ഇടയാക്കിയ കാരണങ്ങള്‍ വിശദമായി പരിശോധിക്കുമെന്നും വാര്‍ത്താക്കുറിപ്പില്‍ മുഖ്യമന്ത്രി വ്യക്തമാക്കി.

കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാരിനെതിരായുള്ള ശക്തമായ തിരിച്ചടി കേരളത്തിലെ തെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതിഫലിച്ചിരുന്നു എന്ന് മുഖ്യമന്ത്രി പറഞ്ഞു. എല്‍ഡിഎഫിന്റെ പ്രചരണങ്ങളും ഇടപെടലുകളുമാണ് ഇത്തരമൊരു വികാരം സംസ്ഥാനത്ത് ഉയര്‍ത്തിയെടുക്കുന്നതിന് പ്രധാനമായും ഇടയാക്കിയത്.

അതിന്റെ ഫലമായാണ് ബിജെപിക്ക് കേരളത്തില്‍ സീറ്റൊന്നും ലഭിക്കാത്ത സാഹചര്യം രൂപപ്പെടാന്‍ ഇടയാക്കിയതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Exit mobile version