പത്ത് ടണ്‍ വിറക്, മുപ്പത് ലിറ്റര്‍ ഡീസല്‍, ടയറുകള്‍, ക്രെയിന്‍ അടക്കം ചിലവ് ഭീമം; ചരിഞ്ഞ ആനയെ സംസ്‌കരിക്കാന്‍ പണമില്ലാതെ ആനയുടമ; പണത്തിനായി നേട്ടോട്ടം ഓടി ആനപ്രേമികളും

പാലക്കാട്: ചരിഞ്ഞ ആനയുടെ സംസാകാരം നടത്താന്‍ പണമില്ലാതെ ഓട്ടോ ഡ്രൈവറായ ആനയുടമ. പാലക്കാട് രാജേന്ദ്രന്‍ എന്ന ആനയുടെ ഉടമയായ ശരവണനാണ് പോസ്റ്റ്‌മോര്‍ട്ടത്തിനും സംസ്‌കാരത്തിനും വേണ്ട പണത്തിനായി നെട്ടോട്ടമോടുന്നത്.

ഓട്ടോ ഡ്രൈവറായ ശരവണന്‍ ആനക്കമ്പം മൂത്ത് കഴിഞ്ഞ വര്‍ഷമാണ് വായ്പയെടുത്ത് കോട്ടയത്തു നിന്ന് ആനയെ വാങ്ങിയത്. ഓട്ടോ ഓടിച്ചുകിട്ടുന്ന വരുമാനം കൊണ്ടാണ് ശരവണന്‍ ആനയെ പരിപാലിച്ചിരുന്നത്. ഉത്സവ എഴുന്നളളത്തിനും ആനയെ ഉപയോഗിച്ചിരുന്നു.

എന്നാല്‍ കഴിഞ്ഞ കുറച്ച് നാളുകളായി അസുഖം ബാധിച്ച് ചികിത്സയിലായിരുന്നു ഈ ആന. ആന ചരിഞ്ഞതോടെ, ശരവണന്‍ ശരിക്കും പ്രതിസന്ധിയിലായി. വലിയ ചിലവാണ് ആനയുടെ പോസ്റ്റ്‌മോര്‍ട്ടത്തിനും സംസ്‌കാരത്തിനും വരുന്നത്.

പത്ത് ടണ്ണ് വിറക്, മുപ്പത് ലിറ്റര്‍ ഡീസല്‍,25 കിലോ പഞ്ചസാര, മഞ്ഞപ്പൊടി, ടയറുകള്‍ പിന്നെ ക്രെയിന്‍ എന്നിവയെല്ലാം ആനയുടെ സംസ്‌കാരത്തിന് ആവശ്യമാണ്. ഇവയുടെ ചെലവുകള്‍ എങ്ങനെ കണ്ടെത്തുമെന്ന ആശങ്കയിലാണ് ശരവണനുള്ളത്. ചുരുങ്ങിയത് രണ്ട് ലക്ഷം രൂപയെങ്കിലും വേണം തുടര്‍നടപടികള്‍ക്കെന്നാണ് വിലയിരുത്തല്‍.

ആനപ്രേമി സംഘമുള്‍പ്പെടെ ശരവണന് സഹായവുമായി എത്തിയിട്ടുണ്ടെങ്കിലും ആവശ്യമുളള പണം ഇനിയും സമാഹരിക്കാനായിട്ടില്ല. ഇനിയും ബാക്കിതുക കണ്ടെത്തിയാലേ ആനയെ സംസ്‌കരിക്കാന്‍ സാധിക്കൂ.

Exit mobile version