വീണ്ടും ഭീതി പടര്‍ത്തി സ്റ്റിക്കര്‍ പതിപ്പിക്കല്‍, പരിഭ്രാന്തിയിലായി നാട്ടുകാര്‍; കച്ചവടക്കാരുടെ പണി ആകും, ഭയക്കേണ്ടതില്ല എന്ന് പോലീസ്

കിഴക്കമ്പലം: വീണ്ടും ഭീതി പടര്‍ത്തി ഗേറ്റിന് മുന്നില്‍ അഞ്ജാതര്‍ സ്റ്റിക്കര്‍ പതിപ്പിച്ചിരിക്കുന്നു. കുന്നത്തുനാട് പഞ്ചായത്തിലെ എരുമേലിയില്‍ വീടിന് മുന്നിലെ ഗേറ്റിലാണ് വെളുത്ത സ്റ്റിക്കര്‍ ഉണ്ടായിരുന്നത്. ഇന്നലെ രാവിലെ ആണ് ഇടവന്തല സാജു ഏബ്രഹാമിന്റെ ഗേറ്റിനു മുന്നിലാണ് സ്റ്റിക്കര്‍ കണ്ടത്.

ഇതുപോലെ മാസങ്ങള്‍ക്ക് മുമ്പ് കിഴക്കമ്പലം, എടത്തല, കുന്നത്തുനാട് പഞ്ചായത്തുകളിലെ വീടുകളിലെ ജനലുകളില്‍ കറുത്ത നിറത്തിലുള്ള സ്റ്റിക്കര്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഈ സംഭവം കേരളത്തില്‍ പലയിടത്തും കണ്ടിരുന്നു മാത്രമല്ല കുറച്ചു കാലം ഇതൊരു ചര്‍ച്ചാ വിഷയം ആയിരുന്നു. കുട്ടികളുള്ള വീടുകള്‍ കേന്ദ്രീകരിച്ചായിരുന്നു സ്റ്റിക്കര്‍ കണ്ടിരുന്നതെന്ന് പ്രദേശവാസികള്‍ പറഞ്ഞിരുന്നു. വെളുത്ത നിറത്തിലുള്ള പ്രത്യേക തരം സ്റ്റിക്കര്‍ ഒട്ടിച്ചത് ആരാണെന്ന് അറിയില്ലെന്നാണ് വീട്ടുകാര്‍ പറഞ്ഞു.

എന്നാല്‍ സംഭവത്തില്‍ പരിഭ്രാന്തരായ നാട്ടുകാര്‍ ഉടന്‍ തന്നെ പോലീസിനെ വിവരം അറിയിച്ചു. എന്നാല്‍ സംഭവത്തില്‍ ദുരൂഹതയില്ലെന്നാണ് പോലീസ് പറയുന്നത്. നേരത്തെ കറുത്ത സ്റ്റിക്കര്‍ പതിപ്പിച്ച സംഭവത്തിന് സമാനമാണിതെന്നും അന്നും ഈ വീടുകളില്‍ മോഷണമോ മറ്റനിഷ്ട സംഭവങ്ങളോ ഉണ്ടായിട്ടില്ലെന്നും എസ്‌ഐ പിഎ ഷെമീര്‍ ഖാന്‍ പറഞ്ഞു.

ഇരുവശത്തും പശയുള്ള രണ്ടു സെന്റീമീറ്റര്‍ നീളത്തിലുള്ളതാണ് സ്റ്റിക്കറെന്നും ഇത് ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. ആളുകള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും എസ്‌ഐ അറിയിച്ചു. കറി പൗഡറുകള്‍ വീടുകളില്‍ വില്പന നടത്തുന്നവര്‍ കച്ചവടം കൂടുതല്‍ ലഭിക്കുന്ന വീടുകള്‍ തിരിച്ചറിയാന്‍ ഇത്തരത്തില്‍ സ്റ്റിക്കര്‍ പതിപ്പിക്കാറുണ്ട്.

Exit mobile version