ഇനി മുതല്‍ കല്യാണ മണ്ഡപം ബുക്ക് ചെയ്യണമെങ്കില്‍ വധൂവരന്മാരുടെ വയസ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം; പുതിയ നിര്‍ദേശവുമായി ബാലാവകാശ കമ്മീഷന്‍

ബാലവിവാഹങ്ങള്‍ തടയാനുള്ള മുന്‍കരുതലിന്റെ ഭാഗമായിട്ടാണ് ബാലാവകാശ കമ്മീഷന്റെ ഈ നിര്‍ദേശം

തിരുവനന്തപുരം: ഇനി മുതല്‍ സംസ്ഥാനത്തെ കല്യാണ മണ്ഡപങ്ങളില്‍ കല്യാണം ബുക്ക് ചെയ്യണമെങ്കില്‍ വധൂവരന്മാരുടെ വയസ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് കൂടി ഹാജരാക്കണമെന്ന നിര്‍ദേശവുമായി ബാലാവകാശ കമ്മീഷന്‍. ബാലവിവാഹങ്ങള്‍ തടയാനുള്ള മുന്‍കരുതലിന്റെ ഭാഗമായിട്ടാണ് ബാലാവകാശ കമ്മീഷന്റെ ഈ നിര്‍ദേശം.

ഇനി കല്യാണങ്ങള്‍ക്കായി മണ്ഡപം ബുക്ക് ചെയ്യാനെത്തുന്നവരില്‍ നിന്നു വധൂവരന്മാരുടെ പ്രായം തെളിയിക്കുന്ന നിയമാനുസൃത രേഖ മണ്ഡപം അധികൃതര്‍ ചോദിച്ചു വാങ്ങണമെന്നാണ് നിര്‍ദേശം. ഇതിന്റെ പകര്‍പ്പ് മണ്ഡപം ഓഫീസില്‍ അധികൃതര്‍ ഫയല്‍ ചെയ്ത് സൂക്ഷിക്കണമെന്നും രേഖകളില്‍ ഇവരുടെ പ്രായം കുറവാണെന്ന് തെളിഞ്ഞാല്‍ മണ്ഡപം അധികൃതര്‍ ഒരു കാരണവശാലും കല്യാണം നടത്താന്‍ അനുവദിക്കരുതെന്നും ബാലാവകാശത്തിന്റെ നിര്‍ദേശത്തിലുണ്ട്.

ഇതിന് പുറമെ പ്രായപൂര്‍ത്തിയാകാത്തവരുടെ വിവാഹങ്ങള്‍ക്കായി സമീപിച്ചവരുടെ വിവരവും ബന്ധപ്പെട്ട അധികൃതരെ അറിയിക്കണമെന്നും നിര്‍ദേശമുണ്ട്. ഇക്കാര്യത്തില്‍ വീഴ്ച ഉണ്ടായാല്‍ ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും ബാലാവകാശ കമ്മീഷന്‍ വ്യക്തമാക്കി. യൂനിസെഫിന്റെ റിപ്പോര്‍ട്ട് പ്രകാരം സംസ്ഥാനത്ത് ഏഴ് ശതമാനം പെണ്‍കുട്ടികള്‍ പ്രായപൂര്‍ത്തിയാവാതെ വിവാഹിതരാവുന്നുണ്ടെന്നാണ് കണക്ക്.

Exit mobile version