ഓണ്‍ലൈന്‍ ഹോട്ടല്‍ ബുക്കിങ് സൈറ്റുകള്‍ക്ക് തിരിച്ചടി; സൈറ്റുകളെ പൂട്ടാനൊരുങ്ങി അസോസിയേഷന്‍

ചെറിയ നിരക്കില്‍ ഹോട്ടല്‍ മുറികള്‍ ബുക്ക് ചെയ്യാന്‍ പറ്റുന്ന ഓണ്‍ലൈന്‍ ഹോട്ടല്‍ ബുക്കിങ് സൈറ്റുകളുമായി നിസ്സഹകരിക്കാനാണ് കൊച്ചിയില്‍ ചേര്‍ന്ന ബജറ്റ് ലോഡ്ജ് ഉടമകളുടെ യോഗത്തില്‍ തീരുമാനം.

കൊച്ചി: ഓണ്‍ലൈന്‍ ഹോട്ടല്‍ ബുക്കിങ് സൈറ്റുകളെ പൂട്ടാന്‍ ഒരുങ്ങി അസോസിയേഷന്‍. ഓണ്‍ലൈന്‍ ഹോട്ടല്‍ ബുക്കിങ് സൈറ്റുകള്‍ കുറഞ്ഞ നിരക്കില്‍ ബുക്കിങ് സ്വീകരിക്കുന്നതിനെതിരേയാണ് കേരള ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്റ് അസോസിയേഷന്‍ രംഗത്ത് എത്തിയത്. ചെറിയ നിരക്കില്‍ ഹോട്ടല്‍ മുറികള്‍ ബുക്ക് ചെയ്യാന്‍ പറ്റുന്ന ഓണ്‍ലൈന്‍ ഹോട്ടല്‍ ബുക്കിങ് സൈറ്റുകളുമായി നിസ്സഹകരിക്കാനാണ് കൊച്ചിയില്‍ ചേര്‍ന്ന ബജറ്റ് ലോഡ്ജ് ഉടമകളുടെ യോഗത്തില്‍ തീരുമാനം. കഴിഞ്ഞ മാസം ഓണ്‍ലൈന്‍ ഭക്ഷണ വിതരണ ആപ്പുകളെ വിലക്കിയതിനു പിന്നാലെയാണ് അസോസിയേഷന്റെ പുതിയ നീക്കം.

കുറഞ്ഞ വിലയും കമ്മിഷനും വാടകയും കഴിഞ്ഞാല്‍ വന്‍ നഷ്ടമാണ് ഹോട്ടല്‍ ഉടമയ്ക്ക് മിച്ചം. 999 രൂപയാണ് അടിസ്ഥാന നിരക്ക്. എന്നാല്‍, ഈ നിരക്കിലും താഴെയാണ് പല കമ്പനികളും ബുക്കിങ് സ്വീകരിക്കുന്നത്. വെള്ളം, കറന്റ് ബില്‍ തുടങ്ങിയ ചെലവുകള്‍ കൂടിയാകുമ്പോള്‍ വ്യവസായം പ്രതിസന്ധിയിലാകുകയാണെന്ന് അസോസിയേഷന്‍ പറയുന്നു. ഇത്തരത്തിലുള്ള ചൂഷണങ്ങളില്‍ പ്രതിഷേധിച്ച് മറ്റു സംസ്ഥാനങ്ങളിലെല്ലാം ഓണ്‍ലൈന്‍ സൈറ്റുകള്‍ ഉടമകള്‍ ബഹിഷ്‌കരിക്കുകയാണെന്ന് കെഎച്ച്ആര്‍എ കൊച്ചി പ്രസിഡന്റ് അസീസ് പറഞ്ഞു.

ഡിസംബര്‍ 12-ന് മുംബൈയില്‍ ബജറ്റ് ഹോട്ടല്‍ ഉടമകളുടെ ഓള്‍ ഇന്ത്യ മീറ്റിങ് നടക്കുന്നുണ്ട്. ഇതില്‍ അസോസിയേഷന്റെ ആവശ്യങ്ങള്‍ അറിയിക്കും. മീറ്റിങ്ങിനു ശേഷം ഇത്തരം സൈറ്റുകള്‍ക്ക് തങ്ങളുടെ ആവശ്യവുമായി ബന്ധപ്പെട്ട് കത്ത് അയയ്ക്കാനാണ് അസോസിയേഷന്‍ ഉദ്ദേശിക്കുന്നത്. ഹോട്ടല്‍ ഉടമകള്‍ക്ക് മാസം ഒരു നിശ്ചിത വാടക നല്‍കുന്ന രീതി പ്രാവര്‍ത്തികമാക്കാനും അസോസിയേഷന്‍ ആലോചിക്കുന്നുണ്ട്. അസോസിയേഷന്‍ മുന്നോട്ടു വയ്ക്കുന്ന ആവശ്യങ്ങള്‍ ഇത്തരം സൈറ്റുകള്‍ അംഗീകരിക്കുകയാണെങ്കില്‍ മാത്രമേ മുന്നോട്ട് ഇവരുമായി സഹകരിക്കൂ.

Exit mobile version