കണ്ണൂര്‍ വിമാനത്താവളം; ഉദ്ഘാടന ദിവസം തന്നെ യാത്രാ സര്‍വീസുകള്‍ ആരംഭിക്കും

വിമാന കമ്പനി പ്രതിനിധികളും കിയാല്‍ അധികൃതരുമായി നടന്ന ചര്‍ച്ചയിലാണ് ഇതു സംബന്ധിച്ച് ധാരണയായത്

കണ്ണൂര്‍: ഉദ്ഘാടന ദിവസം തന്നെ കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ യാത്രാ സര്‍വീസുകള്‍ ആരംഭിക്കും. ഡിസംബര്‍ ഒന്‍പതിനാണ് എയര്‍പോര്‍ട്ട് ഉദ്ഘാടനം ചെയ്യുന്നത്. എയര്‍ഇന്ത്യ എക്‌സ്പ്രസ്, ഇന്‍ഡിഗോ, ഗോഎയര്‍ മുതലായവയാണ് ആദ്യഘട്ടത്തില്‍ സര്‍വീസ് നടത്തുക.

ഇന്നലെ വിമാന കമ്പനി പ്രതിനിധികളും കിയാല്‍ അധികൃതരുമായി നടന്ന ചര്‍ച്ചയിലാണ് ഇതു സംബന്ധിച്ച് ധാരണയായത്. വിമാനത്താവളത്തിലെ സജ്ജീകരണങ്ങള്‍ പ്രതിനിധികള്‍ വിലയിരുത്തി. വാണിജ്യ അടിസ്ഥാനത്തില്‍ സര്‍വ്വീസ് ആരംഭിക്കുമെന്ന് 4 കമ്പനികള്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. ഗള്‍ഫ് മേഖലയിലേക്കായിരിക്കും ആദ്യം സര്‍വീസ് നടത്തുക.

എയര്‍ഇന്ത്യ എക്‌സ്പ്രസ്, ജെറ്റ് എയര്‍, ഇന്‍ഡിഗോ, ഗോഎയര്‍ എന്നീ കമ്പനികള്‍ക്കു പുറമെ വിദേശകമ്പനികളായ ഫ്ളൈ ദുബായ്, എയര്‍അറേബ്യ, ഒമാന്‍ എയര്‍, ഖത്തര്‍എയര്‍, ഗള്‍ഫ് എയര്‍ എന്നീ കമ്പനികളുടെ പ്രതിനിധികളും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. കൂടുതല്‍ കമ്പനികളുമായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും എംഡി വി തുളസീദാസ് പറഞ്ഞു.

സര്‍വീസ് കൗണ്ടര്‍, വിമാന പാര്‍ക്കിങ്, പാസഞ്ചര്‍ ചെക് ഇന്‍, സെല്‍ഫ് ബാഗേജ് ഡ്രോപ് തുടങ്ങിയ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ചായിരുന്നു പ്രധാന ചര്‍ച്ച. വിമാനത്താവളത്തിലെ സൗകര്യങ്ങളും സേവനങ്ങളും പ്രതിനിധികള്‍~ വിലയിരുത്തി. ഹോട്ടലുകള്‍ നിര്‍മിക്കാന്‍ സ്വകാര്യ വ്യക്തികള്‍ക്ക് ഭൂമി വിട്ടു നല്‍കാന്‍ തയ്യാറാണെന്നും കിയാല്‍ അറിയിച്ചു. സുരക്ഷയുടെ ഭാഗമായി സി.ഐ.എസ്.എഫ്. സംഘത്തെയും നിയോഗിച്ചു. ഒക്ടോബര്‍ 17-ന് ഔപചാരികമായി അവര്‍ ജോലി തുടങ്ങും.

ആധുനിക ഓട്ടോമാറ്റിക് ബാഗേജ് സംവിധാനമാകും കണ്ണൂര്‍ വിമാനത്താവളത്തില്‍ ഉണ്ടാവുക. വെന്‍ഡര്‍ലാന്‍ഡെ എന്ന കമ്പനിയുമായി ഇക്കാര്യം ചര്‍ച്ച ചെയ്തു. പിഎന്‍ആര്‍ നമ്പര്‍ നല്‍കിയാല്‍ സ്വയം പരിശോധന നടത്തി ബോര്‍ഡിങ് പാസ് പ്രിന്റ് ചെയ്യുന്ന സൗകര്യമാണ് യാത്രക്കാര്‍ക്ക് ലഭിക്കുക. വിമാനത്താവളത്തിലെ സജ്ജീകരണങ്ങളും ഇന്നലെ പ്രതിനിധികള്‍ വിലയിരുത്തി.

Exit mobile version