നീലേശ്വരം സ്‌കൂളില്‍ അധ്യാപകന്‍ പരീക്ഷ എഴുതിയ സംഭവം; വിദ്യാര്‍ത്ഥികള്‍ വീണ്ടും പരീക്ഷ എഴുതും

റദ്ദാക്കിയ പരീക്ഷ വീണ്ടും എഴുതണമെന്ന് വിദ്യാഭ്യാസവകുപ്പിന്റെ നിര്‍ദേശം വിദ്യാര്‍ത്ഥികള്‍ അംഗീകരിച്ചു.

കോഴിക്കോട്: മുക്കം നീലേശ്വരം സ്‌കൂളില്‍ വിദ്യാര്‍ത്ഥികളുടെ ഉത്തരപേപ്പര്‍ അധ്യാപകന്‍ തിരുത്തി സംഭവത്തില്‍ റദ്ദാക്കിയ പരീക്ഷ വീണ്ടും എഴുതണമെന്ന് വിദ്യാഭ്യാസവകുപ്പിന്റെ നിര്‍ദേശം വിദ്യാര്‍ത്ഥികള്‍ അംഗീകരിച്ചു.

രണ്ടു കുട്ടികളോടാണ് ഇംഗ്ലീഷ് പരീക്ഷ വീണ്ടും എഴുതാന്‍ അവശ്യപ്പെട്ടത്. തീരുമാനം കുട്ടികളുടെ രക്ഷിതാക്കള്‍ ആദ്യം എതിര്‍ത്തിരുന്നു. എന്നാല്‍ വരുന്ന സേ പരീക്ഷയ്ക്ക് ഒപ്പം വീണ്ടും പരീക്ഷ എഴുതാന്‍ കുട്ടികള്‍ അപേക്ഷ നല്‍കും. അതേസമയം നീലേശ്വരം സ്‌കൂളിലെ പരീക്ഷ ആള്‍മാറാട്ട കേസില്‍ പ്രതിയായ അധ്യാപകന്‍ നിഷാദ് വി മുഹമ്മദ് മുന്‍കൂര്‍ ജാമ്യം തേടി ജില്ലാ കോടതിയെ സമീപിച്ചു.

കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതിലാണ് അഡ്വക്കറ്റ് എം.അശോകന്‍ മുഖേന ജാമ്യാപേക്ഷ നല്‍കിയത്. വിദ്യാര്‍ത്ഥികള്‍ക്ക് പകരം താന്‍ പരീക്ഷയെഴുതിയിട്ടില്ലെന്നാണ് അധ്യാപകന്‍ ജാമ്യാപേക്ഷയില്‍ പറയുന്നത്. ഉത്തരക്കടലാസുകളില്‍ ക്രമക്കേട് നടന്നിട്ടുണ്ടെങ്കില്‍ അത് പരീക്ഷാ ചുമതലയുള്ള പ്രിന്‍സിപ്പലടക്കമുള്ളവര്‍ക്ക് മാത്രമാണ് ഉത്തരവാദിത്വമെന്ന് നിഷാദിന്റെ ജാമ്യാപേക്ഷയിലുണ്ട്.

Exit mobile version