സ്വര്‍ണ്ണ മാല കവര്‍ന്ന് ബൈക്കില്‍ പാഞ്ഞ കള്ളനെ സൈക്കിള്‍ എറിഞ്ഞ് വീഴ്ത്തി പിടികൂടി; സോമന് കൈയ്യടിച്ച് പോലീസ്, സമ്മാനമായി നല്‍കിയത് പുത്തന്‍ സൈക്കിള്‍

മാല മോഷ്ടാവിനെ പിടികൂടുവാനായി പായുന്ന ബൈക്കിന്റെ മുന്‍പിലേയ്ക്ക് സ്വന്തം സൈക്കിള്‍ എറിഞ്ഞു കൊടുക്കുകയായിരുന്നു.

ചേര്‍ത്തല: കാല്‍നട യാത്രക്കാരിയുടെ മാല കവര്‍ന്ന് ബൈക്കില്‍ പാഞ്ഞ കള്ളനെ സൈക്കിള്‍ കുറുകെയിട്ട് അതിസാഹസികമായി പിടികൂടി ചേര്‍ത്തല മായിത്തറ പാലോടത്തുവെളി സോമന്‍ അര്‍ത്തുങ്കല്‍. ഇപ്പോള്‍ സോമന് കൈയ്യടിച്ച് രംഗത്ത് വന്നിരിക്കുകയാണ് പോലീസ്. സ്‌നേഹസമ്മാനമായി പുത്തന്‍ സൈക്കിളാണ് സോമന് പോലീസ് നല്‍കിയത്.

മാല മോഷ്ടാവിനെ പിടികൂടുവാനായി പായുന്ന ബൈക്കിന്റെ മുന്‍പിലേയ്ക്ക് സ്വന്തം സൈക്കിള്‍ എറിഞ്ഞു കൊടുക്കുകയായിരുന്നു. ഇതിനിടയില്‍ സൈക്കിള്‍ തകര്‍ന്നിരുന്നു. ഇതേ തുടര്‍ന്നാണ് സോമന് അര്‍ത്തുങ്കല്‍ എസ്‌ഐ എബി ബിപിന്റെ നേതൃത്വത്തില്‍ സ്റ്റേഷനിലെ പോലീസുകാരുടെ ശമ്പളത്തില്‍ നിന്നു വിഹിതമിട്ട് പുതിയ സൈക്കിള്‍ വാങ്ങി നല്‍കിയത്. 5,200 രൂപയാണ് സൈക്കിളിന്റെ വില. ജില്ലാ പോലീസ് മേധാവി കെഎം ടോമിയാണ് സോമന് സൈക്കിള്‍ കൈമാറിയത്.

പിഎസ്‌സി പരീക്ഷാ പരിശീലനം കഴിഞ്ഞു വീട്ടിലേക്ക് മടങ്ങിയ യുവതിയുടെ മാല ബൈക്കിലെത്തിയ യുവാവ് പൊട്ടിച്ച് കടന്നു കളയുകയായിരുന്നു. എതിര്‍ദിശയിലൂടെ വന്ന സോമന്‍ ബൈക്കിനു മുന്നിലേക്കു സൈക്കിള്‍ തള്ളിവിട്ടു. നിയന്ത്രണം തെറ്റി ബൈക്കില്‍ നിന്ന് മോഷ്ടാവ് റോഡിലേയ്ക്ക് തെറിച്ചു വീണു. സോമനും അനീഷ്, സുഗതന്‍ എന്നിവരും ചേര്‍ന്ന് മോഷ്ടാവ് ആര്യാട് ഷാഫി മന്‍സിലില്‍ ഷാഫിയെ പിടികൂടി അര്‍ത്തുങ്കല്‍ പോലീസിന് കൈമാറുകയായിരുന്നു.

Exit mobile version