ആലുവയിലെ സ്വര്‍ണ്ണ കവര്‍ച്ചയ്ക്ക് പിന്നില്‍ പ്രാദേശിക കവര്‍ച്ചാസംഘങ്ങള്‍

കൊച്ചി:കൊച്ചി നഗരത്തിലെ സ്വര്‍ണ്ണ കവര്‍ച്ചയ്ക്ക് പിന്നില്‍ പ്രാദേശിക കവര്‍ച്ചാസംഘങ്ങള്‍ ആണെന്ന നിഗമനത്തില്‍ പോലീസ്. പ്രദേശത്തെകുറിച്ച് കൃത്യമായ ധാരണയുള്ളവരാണ് പ്രതികളെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് പോലീസ് കണ്ടെത്തിയിരുന്നു. കൃത്യം നടത്താന്‍ എത്തിയവര്‍ വാഹനം ആക്രമിക്കുമ്പോള്‍ മലയാളത്തില്‍ സംസാരിച്ചതെന്ന് എടയാറിലെ സ്ഥാപനത്തിലെ സെക്യൂരിറ്റി ജീവനക്കാരന്‍ മൊഴി നല്‍കിയിട്ടുണ്ടായിരുന്നു. ഇതിന്റെയെല്ലാം അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇത്തരമൊരു നിഗമനത്തിലെത്തിയത്.

മോഷണം നടന്ന ദിവസം രാത്രി സ്വര്‍ണ്ണശുദ്ധീകരണ ശാലയ്ക്ക് സമീപം മണിക്കൂറുകളോളം നിലയുറപ്പിച്ച കവര്‍ച്ചാ സംഘത്തോട് പ്രദേശവാസികള്‍ കാര്യം എന്തെന്നന്വേഷിച്ചിരുന്നു. ഫാക്ടറിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു ജീവനക്കാരനെ കാണാന്‍ വന്നതാണെന്നായിരുന്നു കവര്‍ച്ചാ സംഘത്തിന്റെ മറുപടിയെന്ന് പ്രദേശവാസികള്‍ പോലീസിന് മൊഴി നല്‍കി.

ഈ ജീവനക്കാരനെ പോലീസ് കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. ജീവനക്കാരന്റെ മൊഴിയില്‍ നിന്നാണ് പ്രാദേശിക കവര്‍ച്ചാ സംഘങ്ങളെകുറിച്ചുള്ള സംശയം ഉറപ്പിച്ചത്. സംഭവുമായി ബന്ധപ്പെട്ട് സ്വര്‍ണ്ണ ശുദ്ധീകരണ ശാലയില്‍ പ്രവര്‍ത്തിക്കുന്ന നിരവധിപേരെ പോലീസ് ഇതിനോടകം ചോദ്യം ചെയ്തുകഴിഞ്ഞു. ഈ വഴിക്കുള്ള അന്വേഷണം പുരോഗമിക്കുകയാണ്.അതേസമയം സ്ഥാപനത്തില്‍ മുന്‍പ് ജോലി ചെയ്തിരുന്ന ചിലരെ സംശയമുണ്ടെന്ന് സ്ഥാപന ഉടമ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഇവരെയും പോലീസ് ചോദ്യം ചെയ്യും.

കഴിഞ്ഞ ദിവസമാണ് കൊച്ചി നഗരത്തില്‍ വന്‍ സ്വര്‍ണ്ണകവര്‍ച്ച നടന്നത്. എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തില്‍ നിന്ന് ഇടയാറിലെ സ്ഥാപനത്തിലേക്ക് ശുദ്ധീകരിക്കാനായി കൊണ്ടുവന്ന ആറ് കോടിരൂപ വിലവരുന്ന 25 കിലോ സ്വര്‍ണ്ണമാണ് ബൈക്കിലെത്തിയ രണ്ടംഗ സംഘം കവര്‍ന്നത്. സംഭവുമായി ബന്ധപ്പെട്ട് പോലീസിന് ലഭിച്ച വിവരം അനുസരിച്ച് സ്വര്‍ണ്ണം കൊണ്ടുപോയ കാറിനെ പിന്തുടര്‍ന്ന് ബൈക്കില്‍ എത്തിയ രണ്ടു പേരാണ് കാര്‍ ആക്രമിച്ച് സ്വര്‍ണ്ണം കവര്‍ന്ന് കടന്നത്. ആക്രമണത്തിനിടെ കാറിലുണ്ടായിരുന്നവര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

കുറ്റകൃത്യത്തിന് പിന്നില്‍ ഇതരസംസ്ഥാനക്കാരാണ് എന്നാണ് ആദ്യം കരുതിയത് എന്നാല്‍ ഈ വാദം പോലീസ് ഇപ്പോള്‍ തള്ളിയിരിക്കുകയാണ് കൃത്യം നടത്തിയവര്‍ പ്രാദേശിക കവര്‍ച്ചാസംഘങ്ങള്‍ ആണെന്ന നിഗമനത്തിലാണ് ഇപ്പോള്‍ പോലീസ്.

Exit mobile version