വിറ്റുപോകാതെ കൈയ്യില്‍ ബാക്കിയിരുന്ന ടിക്കറ്റ് ആദ്യം സമ്മാനിച്ചത് നിരാശ; പിന്നാലെ സമ്മാനിച്ച് 80 ലക്ഷം; മഹാഭാഗ്യത്തിന്റെ തിളക്കത്തില്‍ ശ്രീധരന്‍

ചാലോട് ടൗണിലെ അനശ്വര ലോട്ടറി ഏജന്‍സിയില്‍ നിന്നെടുത്ത ടിക്കറ്റിലാണ് ഒന്നാം സമ്മാനമായ 80 ലക്ഷം അടിച്ചത്

കണ്ണൂര്‍: കഴിഞ്ഞ 17 വര്‍ഷമായി ലോട്ടറി വിക്കറ്റ് നടന്ന കൊളോളം മുണ്ടപ്പറമ്പ് ഷീനാ നിവാസില്‍ കെകെ ശ്രീധരനെ ഒടുവില്‍ തേടിയെത്തിയത് 80 ലക്ഷം രൂപയുടെ ഭാഗ്യം. വിറ്റുപോകാതെ കൈയ്യില്‍ ബാക്കിയിരുന്ന ടിക്കറ്റ് ആദ്യം ശ്രീധരന് സമ്മാനിച്ചത് നിരാശയായിരുന്നു. പക്ഷേ ആ ടിക്കറ്റാണ് പിന്നീട് മഹാഭാഗ്യം കൊണ്ടുവന്നത്. കാരുണ്യ പ്ലസ് ലോട്ടറി ടിക്കറ്റിലൂടെയാണ് ശ്രീധരന്‍ ലക്ഷാധിപതിയായത്.

ചാലോട് ടൗണിലെ അനശ്വര ലോട്ടറി ഏജന്‍സിയില്‍ നിന്നെടുത്ത ടിക്കറ്റിലാണ് ഒന്നാം സമ്മാനമായ 80 ലക്ഷം അടിച്ചത്. ലോട്ടറി ടിക്കറ്റെടുത്ത് വില്‍പ്പന നടത്തുന്ന ശ്രീധരന്‍ ബാക്കി വരുന്ന ടിക്കറ്റുകള്‍ സൂക്ഷിച്ചു വയ്ക്കുന്ന പതിവുണ്ട്. കഴിഞ്ഞ ദിവസം വില്‍പയ്ക്കായി എടുത്ത ടിക്കറ്റില്‍ 20 എണ്ണം മിച്ചം വന്നതോടെ വീട്ടില്‍ സൂക്ഷിക്കുകയായിരുന്നു. വൈകിട്ട് നറുക്കെടുപ്പ് ഫലം വന്നതോടെയാണ് തന്റെ കൈവശമുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചതെന്ന് അറിയുന്നത്.

സമ്മാനം അടിച്ചത് അറിഞ്ഞ ഉടനെ ശ്രീധരന്‍ ഭാര്യയെയും മക്കളെയും വിവരമറിയിച്ചു. ഗ്രാമീണ ബാങ്ക് എടയന്നൂര്‍ ശാഖയില്‍ ടിക്കറ്റ് ഏല്‍പ്പിക്കുകയും ചെയ്തു. ആദ്യം തയ്യല്‍ക്കാരനായിരുന്നു അദ്ദേഹം, എന്നാല്‍ ശാരീരിക പ്രയാസമുണ്ടായതോടെ അദ്ദേഹം ജോലി ഉപേക്ഷിച്ച് ലോട്ടറി വില്‍പ്പന ആരംഭിക്കുകയായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് താന്‍ വിറ്റ ടിക്കറ്റിന് ബ്ലാത്തൂര്‍ സ്വദേശിയായ ഹോട്ടല്‍ തൊഴിലാളിക്ക് 7 ലക്ഷം സമ്മാനം ലഭിച്ചിരുന്നുവെന്നും ശ്രീധരന്‍ പറഞ്ഞു.

Exit mobile version