‘കണ്ണിന്റെ പ്രശ്നം മാറ്റിത്തരാന്‍ നിങ്ങള്‍ക്ക് പറ്റുമോ?’ ഒരു മിനിറ്റിന്റെ പേരില്‍ കൊച്ചിയിലെ ബസുകള്‍ തമ്മിലുള്ള തര്‍ക്കം തകര്‍ത്തത് അഭിഷയുടെ വലതുകണ്ണ്; കണ്ണീരോടെ യുവതി

സ്വകാര്യ ബസുകള്‍ തമ്മിലുണ്ടായ തര്‍ക്കത്തിനിടെ ചില്ലു തകര്‍ന്ന് തലയോലപ്പറമ്പ് സ്വദേശിനിയായ അഭിഷ കെ ഹരിഹരന്റെ കണ്ണിന് പരിക്കേല്‍ക്കുകയായിരുന്നു.

കൊച്ചി: ”എന്റെ കണ്ണിനെന്തെങ്കിലും പറ്റിയാല്‍ നിങ്ങള് സമാധാനം പറയുമോ. കണ്ണിന്റെ പ്രശ്നം മാറ്റിത്തരാന്‍ നിങ്ങള്‍ക്ക് പറ്റുമോ…” അഭിഷ എന്ന യുവതി കണ്ണീരോടെ ചോദിക്കുന്നത് കൊച്ചിയിലെ സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തോടാണ്. ഒരു മിനിറ്റ് വൈകിയോടിയതിന്റെ പേരില്‍ സ്വകാര്യ ബസുകള്‍ തമ്മിലുണ്ടായ തര്‍ക്കത്തിനിടെ ചില്ലു തകര്‍ന്ന് തലയോലപ്പറമ്പ് സ്വദേശിനിയായ അഭിഷ കെ ഹരിഹരന്റെ കണ്ണിന് പരിക്കേല്‍ക്കുകയായിരുന്നു. തര്‍ക്കത്തിനിടെ, യുവതി സഞ്ചരിച്ചിരുന്ന ബസിന്റെ ചില്ല് എതിര്‍ ബസുകാര്‍ അടിച്ചുതകര്‍ക്കുകയും, ചില്ലിന്റെ കഷ്ണം യുവതിയുടെ കണ്ണില്‍ തുളച്ചുകയറുകയുമായിരുന്നു.

കലൂര്‍-കടവന്ത്ര റോഡില്‍ കതൃക്കടവ് പള്ളിക്കു സമീപം വെള്ളിയാഴ്ച രാവിലെ 10.15-ഓടെയാണ് സംഭവം. തലയോലപ്പറമ്പ് – എറണാകുളം റൂട്ടിലോടുന്ന ‘ഫാല്‍ക്കണ്‍’ ബസിലെ യാത്രക്കാരിയായിരുന്നു അഭിഷ. പൂത്തോട്ട-എറണാകുളം റൂട്ടിലെ ‘പുത്തന്‍കാവിലമ്മ’ ബസിലെ ജീവനക്കാരും ഫാല്‍ക്കണും തമ്മിലായിരുന്നു തര്‍ക്കം. പുതിയകാവ് ഭാഗം മുതല്‍ ഇരുബസുകളും തര്‍ക്കത്തിലേര്‍പ്പെട്ടു. കലൂരില്‍ കതൃക്കടവ് പള്ളിയുടെ സമീപത്തെത്തിയപ്പോള്‍ മറു ബസിലെ ജീവനക്കാരന്‍ അഭിഷ സഞ്ചരിച്ചിരുന്ന വണ്ടിയുടെ ചില്ല് അടിച്ചു തകര്‍ത്തു. ഡ്രൈവറുടെ പിറകുഭാഗത്തുള്ള സീറ്റിലാണ് അഭിഷ ഇരുന്നത്. ചില്ല് തെറിച്ച് കണ്ണില്‍ കയറി. ഫാല്‍ക്കണിലെ ജീവനക്കാര്‍ തന്നെയാണ് ചികിത്സയ്ക്കായി അഭിഷയെ എറണാകുളം ജനറല്‍ ആശുപത്രിയിലെത്തിച്ചത്. പരിശോധനയില്‍ വലതു കണ്ണിനകത്ത് പരിക്കുള്ളതായി കണ്ടെത്തി. കണ്ണില്‍നിന്ന് ചില്ലിന്റെ ഏതാനും ചെറു കഷ്ണങ്ങള്‍ കിട്ടിയതായും അഭിഷ പറയുന്നു.

കണ്ണില്‍ മരുന്നു വച്ച് കെട്ടിയിട്ടുണ്ട്. ചികിത്സ തുടരേണ്ടി വരുമെന്നാണ് ഡോക്ടര്‍ നിര്‍ദേശിച്ചിരിക്കുന്നത്. വെള്ളിയാഴ്ച രാവിലെ വീട്ടില്‍നിന്ന് കലൂരിലെ ഓഫീസിലേക്കുള്ള യാത്രയിലായിരുന്നു അഭിഷയെ തേടി ദുര്യോഗമെത്തിയത്.

Exit mobile version