ശരത് ലാലിനും കൃപേഷിനും വേണ്ടി പണം പിരിച്ചു; അര്‍ഹതപ്പെട്ടവരുടെ കൈകളില്‍ എത്തിയില്ല, നേതാക്കളെ ചോദ്യം ചെയ്ത് അണികള്‍, കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാലാണ് പണം കൈമാറാന്‍ കഴിയാത്തതെന്നാണ് ഡിസിസി നേതൃത്വം അണികളോട് പറഞ്ഞത്.

കാഞ്ഞങ്ങാട്: പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലിനും കൃപേഷിനും വേണ്ടി പിരിച്ചെടുത്തത് ഇതുവരെയും അര്‍ഹതപ്പെട്ടവരുടെ കൈകളില്‍ എത്തിയില്ലെന്ന് ആക്ഷേപം. ഇരുവരുടെയും കുടുംബത്തിനായി ഡിസിസി നേതൃത്വം പിരിച്ചതില്‍ ഒരു കോടി രൂപ ഇതുവരെയും കൈമാറിയിട്ടില്ല. വന്‍ തിരിമറിയാണ് നടത്തിയിരിക്കുന്നത്. തിരിമറിയില്‍ നേതാക്കളെ ചോദ്യം ചെയ്ത് അണികള്‍ രംഗത്തെത്തിയിട്ടുണ്ട്. ഇതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാലാണ് പണം കൈമാറാന്‍ കഴിയാത്തതെന്നാണ് ഡിസിസി നേതൃത്വം അണികളോട് പറഞ്ഞത്. എന്നാല്‍, ഹൈബി ഈഡന്‍ കൃപേഷിന്റെ കുടുംബത്തിന് വീട് കൈമാറിയത് പെരുമാറ്റച്ചട്ടം നിലനില്‍ക്കേയാണ്. യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ്മോഹന്‍ ഉണ്ണിത്താനും താക്കോല്‍ദാന ചടങ്ങില്‍ പങ്കെടുത്തിരുന്നു. ഇതോടെയാണ് അണികള്‍ക്കിടയില്‍ അതൃപ്തി രേഖപ്പെടുത്തിയത്. കുടുംബത്തിന് പണം കൈമാറാന്‍ യഥാര്‍ത്ഥ തടസം എന്താണെന്ന അണികളുടെ ചോദ്യത്തിന് നേതൃത്വം ഇതുവരെ മറുപടി നല്‍കിയിട്ടില്ല.

ഡിസിസി പ്രസിഡന്റ് ഹക്കിം കുന്നില്‍, വൈസ് പ്രസിഡന്റുമാരായ കെകെ രാജേന്ദ്രന്‍, പികെ ഫൈസല്‍ എന്നിവര്‍ക്കായിരുന്നു നിധി ശേഖരിക്കാനുള്ള ചുമതല. പിരിച്ചെടുത്തത് 74 ലക്ഷം രൂപ മാത്രമാണെന്നാണ് ഡിസിസി പ്രസിഡന്റ് പറയുന്നത്. ജില്ലയിലെ വ്യാപാരികള്‍, വ്യവസായികള്‍, പ്രവാസികള്‍, ട്രേഡ് യൂണിയന്‍ സര്‍വീസ് സംഘടനകള്‍ എന്നിവരില്‍ നിന്നായി രസീതില്ലാതെ പിരിച്ചെടുത്ത തുക കണക്കില്‍പ്പെടുത്തിയിട്ടില്ല. ഇത്തരത്തില്‍ കെപിസിസി അറിയാതെ സ്വരൂപിച്ച 30 ലക്ഷത്തോളം രൂപ തൃക്കരിപ്പൂരിലെ രണ്ടു ജില്ലാ നേതാക്കള്‍ കീശയിലാക്കിയെന്നും ഇതിനോടകം ആക്ഷേപം ഉര്‍ന്നിട്ടുണ്ട്.

കുടുംബ സഹായനിധി സംബന്ധിച്ച കണക്കുകള്‍ പുറത്തുവിടാന്‍ ഡിസിസി പ്രസിഡന്റ് തയ്യാറാകാത്തത് നേതൃത്വത്തില്‍ പൊട്ടിത്തെറിക്ക് സാധ്യയേറുന്നുണ്ട്. കൊലപാതകവുമായി ബന്ധപ്പെട്ട് നടത്തിയ ഹര്‍ത്താലില്‍ അറസ്റ്റിലായവരെ ജാമ്യത്തിലിറക്കാനും യുഡിഎഫ് ജില്ലാ ചെയര്‍മാന്‍, കണ്‍വീനര്‍ എന്നിവര്‍ക്കെതിരായുള്ള കേസ് നടത്തിപ്പിനുമായി കുടുംബ സഹായ നിധിയില്‍നിന്ന് 20 ലക്ഷത്തോളം രൂപ എടുത്തതായും ഇതില്‍ 18 ലക്ഷം രൂപ ജാമ്യത്തുകയായി ഹൈക്കോടതിയില്‍ കെട്ടിവച്ചതായും ഡിസിസിയിലെ നേതാവ് പറയുന്നുണ്ട്.

കൃപേഷിന്റെയും ശരത് ലാലിന്റെയും കുടുംബത്തിന് ഡിസിസി ഇതിനകം 37 ലക്ഷം രൂപ വീതം കൈമാറിയെന്നാണ് ഡിസിസി പ്രസിഡന്റിനെ അനുകൂലിക്കുന്നവര്‍ പ്രചരിപ്പിക്കുന്നത്. എന്നാല്‍ കൈമാറിയത് കെപിസിസിയുടെ വിഹിതമായ 10 ലക്ഷവും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ 12 ലക്ഷവും കോണ്‍ഗ്രസിന്റെ വിവിധ പോഷകസംഘടനകള്‍ നല്‍കിയ സംഭാവനകളും മാത്രമാണ്. കൃപേഷിന്റെ പുതിയ വീട്ടില്‍ രണ്ടര ലക്ഷത്തിന്റെ ഫര്‍ണിച്ചര്‍ നല്‍കിയെന്നാണ് മറ്റൊരു വാദം. ഇതൊക്കെ യുഡിഎഫ് അനുഭാവികളുടെ ഷോറൂമുകളില്‍ നിന്ന് സൗജന്യമായി ലഭിച്ചതാണെന്നാണ് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. ജില്ലയില്‍ നിന്ന് സ്വരൂപിച്ച ഫണ്ട് കുടുംബത്തിന് പൂര്‍ണ്ണമായി നല്‍കാതിരിക്കാനുള്ള ഡിസിസി നേതൃത്വത്തിന്റെ കുതന്ത്രങ്ങള്‍ക്കതിരെ ഒരു വിഭാഗം പ്രവര്‍ത്തകര്‍ എഐസിസിക്കും രാഹുല്‍ ഗാന്ധിക്കും പരാതി നല്‍കിയിട്ടുണ്ട്.

Exit mobile version