തൃശ്ശൂര്‍ പൂരം സര്‍ക്കാരിനെതിരെയുള്ള ആയുധമാക്കാന്‍ പലരും ശ്രമം നടത്തുന്നു; ആരോപണവുമായി മന്ത്രി വിഎസ് സുനില്‍ കുമാര്‍

തൃശ്ശൂര്‍: ‘തൃശ്ശൂര്‍ പൂരം ഗംഭീരമായി തന്നെ നടത്താനുള്ള എല്ലാ ചുമതലകളും ഏറ്റെടുത്തിട്ടുണ്ടെന്ന് കൃഷി മന്ത്രി വിഎസ് സുനില്‍ കുമാര്‍. ഇതിനിടയിലുള്ള വ്യാജപ്രചരണങ്ങള്‍ ജനങ്ങള്‍ വിശ്വസിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. തൃശ്ശൂര്‍ പൂരത്തിന്റെ നടത്തിപ്പിനാവശ്യമായ എല്ലാ കാര്യങ്ങളിലും സര്‍ക്കാര്‍ സമയാ സമയം ഇടപെട്ടു കൊണ്ടിരിക്കുകയാണെന്ന് അദേഹം അറിയിച്ചു.

കേരളത്തിനകത്തും പുറത്തും ഏറ്റവും ജനശ്രദ്ധയാകര്‍ഷിക്കുന്ന ഉത്സവങ്ങളില്‍ ഒന്നാണ് തൃശ്ശൂര്‍ പൂരം. പൂരം സംബന്ധിച്ച ചര്‍ച്ചകള്‍ ഇപ്പോഴും നീണ്ട് പോവുകയാണ്. എന്നാല്‍ ഈ സംഭവങ്ങള്‍ എല്ലാം സര്‍ക്കാരിനെതിരെയുള്ള ആയുധമാക്കാനാണ് ചിലര്‍ ശ്രമിക്കുന്നതെന്ന് മന്ത്രി വിഎസ് സുനില്‍ കുമാര്‍ ആരോപിച്ചു. അത് തെറ്റായ നിലപാട് ആണെന്നും പൂരത്തിന്റെ കാര്യത്തില്‍ രാഷ്ട്രീയം കലര്‍ത്തുന്നത് മര്യാദ കേടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തൃശ്ശൂര്‍ പൂരം എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഒന്നിച്ചു നടത്തേണ്ട ഒന്നാണ്. എല്ലാ സര്‍ക്കാരുകള്‍ക്കും ഇതില്‍ ഉത്തരവാദിത്വമുണ്ട്. പൂരവുമായി ബന്ധപ്പെട്ട് എന്തെങ്കിലും തടസ്സമുണ്ടായാല്‍ എല്ലാവരും അത് മാറ്റാനാണ് ശ്രമിക്കേണ്ടത്. കഴിഞ്ഞ തവണ വെടിക്കെട്ടിന്റെ വിഷയത്തില്‍ പ്രശ്നം ഉടലെടുത്തപ്പോള്‍ എല്ലാവരും ഒന്നിച്ചു നിന്നാണ് പരിഹാരം കണ്ടത്.

എന്നാല്‍ പൂരം ഏതെങ്കിലും ഒരു പാര്‍ട്ടി മറ്റുള്ള പാര്‍ട്ടിയെ രാഷ്ട്രീയമായി തേജോവധം ചെയ്യാന്‍ ഉപയോഗപ്പെടുത്തരുതെന്ന് മന്ത്രി പറഞ്ഞു. തൃശ്ശൂര്‍ പൂരം ഗംഭീരമായി നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Exit mobile version