കൊച്ചിയിലെ സ്വര്‍ണ്ണ കവര്‍ച്ച; കൃത്യമായ ആസൂത്രണത്തോടെയെന്ന് പോലീസ്

സംഭവത്തില്‍ സ്വര്‍ണ്ണ ശുദ്ധീകരണ ശാലയിലെ ജീവനക്കാരെയും ജ്വല്ലറി ജീവനക്കാരെയും വിശദമായി ചോദ്യം ചെയ്യും

കൊച്ചി: കൊച്ചിയിലെ ആലുവ ഇടയാറില്‍ ഇന്നലെ അര്‍ധരാത്രി 6 കോടി വിലമതിക്കുന്ന സ്വര്‍ണ്ണം കവര്‍ന്നത് കൃത്യമായ ആസൂത്രണത്തോടെയെന്ന് പോലീസിന്റെ പ്രാഥമിക നിഗമനം. സ്വര്‍ണ്ണവുമായി ശുദ്ധീകരണശാലയിലേക്ക് പുറപ്പെട്ട വാഹനത്തെ മോഷ്ടാക്കള്‍ കൃത്യമായി പിന്തുടര്‍ന്നിരുന്നു എതാനും ദിവസങ്ങള്‍ നീണ്ട ആസൂത്രണത്തിന് ശേഷമാകാം മോഷണം നടത്തിയിരിക്കുന്നതെന്നും പോലീസ് പറഞ്ഞു. സംഭവത്തില്‍ സ്വര്‍ണ്ണ ശുദ്ധീകരണ ശാലയിലെ ജീവനക്കാരെയും ജ്വല്ലറി ജീവനക്കാരെയും വിശദമായി ചോദ്യം ചെയ്യും.

എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തില്‍ നിന്നും കാര്‍ മാര്‍ഗം ആലുവ ഇടയാറിലെ സിആര്‍ജി മെറ്റല്‍സ് കമ്പനിയിലേക്ക് ശുദ്ധീകരിക്കാനായി കൊണ്ട് പോയ 25 കിലോ സ്വര്‍ണ്ണം ബൈക്കിലെത്തിയ രണ്ടംഗ സംഘം കൊള്ളയടിക്കുകയായിരുന്നു.

സ്വര്‍ണ്ണ കമ്പനിയിലേക്ക് പുറപ്പെട്ട വാഹനത്തെ മോഷ്ടാക്കള്‍ കൃത്യമായി പിന്തുടരുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു. കാറിന്റെ ചില്ലുകള്‍ തകര്‍ത്ത കവര്‍ച്ചാ സംഘം കാറിലുണ്ടായിരുന്നവര്‍ക്ക് നേരെ പെപ്പര്‍ സ്‌പ്രേ പ്രയോഗിക്കുകയും സ്വര്‍ണ്ണം അടങ്ങിയ ബാഗ് കൈക്കലാക്കി രക്ഷപ്പെടുകയും ചെയ്തുവെന്നാണ് കവര്‍ച്ചക്കിരയായവരുടെ മൊഴി. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Exit mobile version