മദ്യപിച്ച് ജീവനക്കാര്‍ രോഗിയുടെ വയറില്‍ മുറിവുകള്‍ ഉണ്ടാക്കി, ചോദ്യം ചെയ്തപ്പോള്‍ ‘നാളെ വയറും കാലുമൊക്കെ വെട്ടിക്കീറാന്‍ ഉള്ളതല്ലേ..പിന്നെ ഈ ചെറിയ മുറിവുകള്‍ കാര്യമാക്കേണ്ട’ എന്ന് മറുപടി

ആലപ്പുഴ: മദ്യപിച്ച് ജോലി ചെയ്ത ആശുപത്രി ജീവനക്കാര്‍ക്കെതിരെ ഗുരുതര ആരോപണം. വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ജീനക്കാര്‍ ബൈപാസ് സര്‍ജറിക്ക് വിധേയനാക്കിയ ഒരാളുടെ രോമം നീക്കിയപ്പോള്‍ വയറിന് മുറിവുകള്‍ ഉണ്ടാക്കി എന്നാണ് പരാതി.

രോഗിയോടൊപ്പമുള്ളവര്‍ വിവരം ധരിപ്പിച്ചപ്പോള്‍ ‘നാളെ വയറും കാലുമൊക്കെ വെട്ടിക്കീറാന്‍ ഉള്ളതല്ലേ..പിന്നെ ഈ ചെറിയ മുറിവുകള്‍ കാര്യമാക്കേണ്ട’ എന്നാണ് പരിഹാസ രൂപേണ തുളസി എന്ന ജീവനക്കാരന്‍ മറുപടി നല്‍കിയത്. രോമം നീക്കുന്നതിന് ജീവനക്കാരന്‍ പണം ആവശ്യപ്പെട്ടതായും പരാതിയുണ്ട്.

രോമം നീക്കിയതിലെ വീഴ്ച സംബന്ധിച്ച് രോഗി ചികിത്സയില്‍ കഴിഞ്ഞ വാര്‍ഡിലെ നഴ്സുമാര്‍ തനിക്ക് പരാതി തന്നിരുന്നതായി ആശുപത്രി സൂപ്രണ്ട് ആര്‍ എം രാംലാല്‍ പറഞ്ഞു. ജീവനക്കാരനെതിരെ നടപടി ഉണ്ടാകുമെന്നും ഇദ്ദേഹം അറിയിച്ചു.

Exit mobile version