ആര്‍ക്കെതിരെയും പരാതിയില്ല എന്നെ കേസില്‍ നിന്ന് ഒഴിവാക്കി തരണം; അപേക്ഷയുമായി തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍ നിന്ന് ആത്മഹത്യക്ക് ശ്രമിച്ച പെണ്‍കുട്ടി

തിരുവനന്തപുരം; തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍ ആത്മഹത്യക്ക് ശ്രമിച്ച പെണ്‍കുട്ടി ആര്‍ക്കെതിരെയും പരാതിയില്ലെന്ന് പോലീസിനോട് പറഞ്ഞു. ആത്മഹത്യക്ക് ശ്രമിച്ചത് മാനസിക സമ്മര്‍ദം മൂലമെന്നും പെണ്‍കുട്ടി മൊഴി നല്‍കി. സമരം കാരണം തുടര്‍ച്ചയായി ക്ലാസുകള്‍ മുടങ്ങിയത് സമ്മര്‍ദത്തിലാക്കിയെന്ന് വിദ്യാര്‍ത്ഥിനി വിശദമാക്കി. കോളേജില്‍ പഠനം നല്ല രീതിയില്‍ കൊണ്ട് പോവാന്‍ സാധിച്ചില്ല, പഠനത്തെക്കാള്‍ കൂടുതല്‍ മറ്റ് പരിപാടികളാണ് നടക്കുന്നത്.

കോടതിയില്‍ ഹാജരാക്കിയ പെണ്‍കുട്ടിയെ ബന്ധുക്കള്‍ക്കൊപ്പം വിട്ടു. അതേസമയം സംഭവത്തില്‍ മനുഷ്യാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു. കരഞ്ഞുപറഞ്ഞിട്ടും പോലും ക്ലാസിലിരുത്താതെ എസ്എഫ്‌ഐ സെക്രട്ടറിയേറ്റ് മാര്‍ച്ചിന് കൊണ്ടുപോയിയെന്ന് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച വിദ്യാര്‍ത്ഥിനിയുടെ കുറിപ്പ് വിശദമാക്കിയിരുന്നു. എന്നാല്‍ മൊഴിയില്‍ ആരുടെ പേരും പറഞ്ഞില്ല. കേസില്‍ നിന്ന് പിന്‍മാറുന്നതായി നേരത്തെ സൂചനലഭിച്ചിരുന്നു. കേസില്‍ നിന്ന് എങ്ങനെയെങ്കിലും ഒഴിവാക്കിത്തരണമെന്ന് പെണ്‍കുട്ടി പോലീസിനോട് പറഞ്ഞിരുന്നു.

കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കോളേജിലെ ഒന്നാം വര്‍ഷ കെമിസ്ട്രി വിദ്യാര്‍ത്ഥിനിയാണ് ഞരമ്പ് മുറിച്ച് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചത്. തുടര്‍ന്ന് പെണ്‍കുട്ടിയെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. സംഭവുമായി ബന്ധപ്പെട്ട് പോലീസ് കേസെടുത്തു എന്നാല്‍, ആര്‍ക്കെതിരെയും പരാതിയില്ലെന്ന് പെണ്‍കുട്ടി ഇപ്പോള്‍ പോലീസിനോട് പറഞ്ഞു.

അതേസമയം, ആത്മഹത്യയ്ക്ക് ശ്രമിക്കുന്നതിന്റെ തലേ ദിവസം പെണ്‍കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. അതിനിടയിലാണ് കഴിഞ്ഞ ദിവസം രാവിലെ കോളേജ് ക്യാമ്പസിനകത്ത് രക്തം വാര്‍ന്നു കിടക്കുന്ന നിലയില്‍ പെണ്‍കുട്ടിയെ കണ്ടെത്തിയത്. തിരുവനന്തപുരം ആലംകോട് സ്വദേശിനിയാണ് പെണ്‍കുട്ടി.

Exit mobile version