കടുത്ത അഴിമതി നടന്നു, അറ്റക്കുറ്റപ്പണിയുടെ ചെലവ് കരാറുകാരന്‍ വഹിക്കണം, കൊച്ചിയുടെ തിലകക്കുറി ആണ് ആ പാലം; ജി സുധാകരന്‍

കൊച്ചി: കൊച്ചിയില്‍ പണ്ടേ വാഹനങ്ങള്‍ ബ്ലോക്കില്‍ പെടുന്നത് പതിവാണ്. ഇപ്പോള്‍ പാലാരിവട്ടം പാലത്തില്‍ അറ്റക്കുറ്റപ്പണികള്‍ കാരണം പാലം അടച്ചപ്പോള്‍ പിന്നെ പറയുകയും വേണ്ട. അതേസമയം പാലം പണിയില്‍ അഴിമതി നടന്നിട്ടുണ്ടെന്ന് ചൂണ്ടികാണിക്കുകയാണ് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍.

കരാറുകാരനെ സഹായിക്കുന്ന നിലപാടാണു റോഡ്‌സ് ആന്‍ഡ് ബ്രിജസ് കോര്‍പറേഷനും കിറ്റ്‌കോയും പുലര്‍ത്തിയത്. കുറ്റക്കാരെ കണ്ടെത്താന്‍ വിജിലന്‍സ് അന്വേഷണം നടത്തുമെന്നും മന്ത്രി പറഞ്ഞു.

റോഡ്‌സ് ആന്‍ഡ് ബ്രിജസ് കോര്‍പറേഷനും കിറ്റ്‌കോയും ക്രമക്കേട് നടത്തി. കരാറുകാരനെ സഹായിക്കാനും ശ്രമം നടന്നു. അറ്റകുറ്റപ്പണിയുടെ ചെലവ് കരാറുകാരന്‍ വഹിക്കണമെന്നും മന്ത്രി വ്യക്തമാക്കി. കൊച്ചിയുടെ തിലകക്കുറിയെന്നു കൊട്ടിഘോഷിച്ച് രണ്ടര വര്‍ഷം മുന്‍പ് ഗതാഗതത്തിന് തുറന്ന് കൊടുത്ത മേല്‍പ്പാലം ഇപ്പോള്‍ അടച്ച് പൂട്ടി വീണ്ടും പണിയുകയാണ്.

യാത്രക്കാര്‍ക്ക് പണ്ടത്തേക്കാള്‍ ദുരിതയാത്രയാണ്. ഇതിനെല്ലാം കാരണം പാലത്തിന്റെ രൂപരേഖ തയാറാക്കിയത് മുതല്‍ നിര്‍മാണത്തില്‍ വരെയുണ്ടായ അഴിമതിയെന്ന് തുറന്നുപറയുകയാണു മന്ത്രി. അപാകത നിറഞ്ഞ രൂപരേഖ കിറ്റ്‌കോ കണ്ണുംപൂട്ടി അംഗീകരിക്കുകയായിരുന്നു. ആവശ്യത്തിന് സിമന്റ് ഉപയോഗിക്കാതെ നടത്തിയ കോണ്‍ക്രീറ്റിങ് പോലും മേല്‍നോട്ടച്ചുമതലയുണ്ടായിരുന്ന റോഡ്‌സ് ആന്‍ഡ് ബ്രിജസ് കോര്‍പറേഷന്‍ സമ്മതിച്ചുകൊടുത്തു.

വകുപ്പ് തലത്തിലും മദ്രാസ് ഐഐടിയും നടത്തിയ അന്വേഷണത്തിലും ക്രമക്കേട് വ്യക്തമായതിനാല്‍ ഇനി കുറ്റക്കാരെ കണ്ടെത്തുകയാണ് അടുത്തഘട്ടം. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തായിരുന്നു നിര്‍മാണം.

Exit mobile version