ഓണ്‍ലൈനില്‍ ടിക്കറ്റ് ബുക്ക് ചെയ്ത ബസിന് കൈകാണിച്ചിട്ട് നിര്‍ത്തിയില്ല; നിര്‍ത്തിയത് പത്ത് കിലോമീറ്റര്‍ അകലെ; യാത്രക്കാരന് ബസുടമ 20,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി

യുവാവിനെ കയറ്റാതെ പോയ ബസിന് പണി കൊടുത്ത് കാസര്‍കോട് ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറം.

കാഞ്ഞങ്ങാട്: ഓണ്‍ലൈനില്‍ ടിക്കറ്റ് ബുക്ക് ചെയ്ത് കാത്തുനിന്നിട്ടും യുവാവിനെ കയറ്റാതെ പോയ ബസിന് പണി കൊടുത്ത് കാസര്‍കോട് ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറം. യാത്രക്കാരനെ കയറ്റാതെ ബസ് ഓടിച്ചു പോയ സംഭവത്തില്‍ 20,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി. നീലേശ്വരത്തെ ബേക്കറി ഉടമ സി അമ്പുരാജിന്റെ പരാതിയിലാണ് നടപടി. ബംഗളൂരു ജിടി റോഡിലെ എസ്ആര്‍എസ് ട്രാവല്‍സ് മാനേജര്‍ക്കെതിരെയാണ് വിധി പുറപ്പെടുവിച്ചിരിക്കുന്നത്. ഒരു മാസത്തിനകം നഷ്ടപരിഹാരത്തുകയും മൂവായിരം രൂപ കോടതിച്ചെലവും നല്‍കണം.

2018 സെപ്റ്റംബര്‍ 17 ന് എറണാകുളത്തേക്ക് പോകാന്‍ 16 ന് രാത്രിയാണ് നീലേശ്വരത്തു നിന്ന് എറണാകുളത്തേക്ക് എസ്ആര്‍എസ് ട്രാവല്‍സില്‍ അമ്പുരാജ് ടിക്കറ്റ് ഓണ്‍ലൈനിലെടുത്തത്. 1215 രൂപയായിരുന്നു ചാര്‍ജ്. തൊട്ടടുത്ത ദിവസം രാത്രി എറണാകുളത്തു നിന്നു നീലേശ്വരത്തേക്ക് തിരിച്ചുവരാനുള്ള ടിക്കറ്റും 966 രൂപയ്ക്ക് ബുക്ക് ചെയ്തു.

ടിക്കറ്റില്‍ ലഭിച്ച നമ്പരില്‍ ബന്ധപ്പെട്ടപ്പോള്‍ 16 നു രാത്രി നീലേശ്വരം മാര്‍ക്കറ്റ് ജങ്ഷനില്‍ ചെറുവത്തൂര്‍ ഭാഗത്തേക്കുള്ള ബസ് സ്റ്റോപ്പില്‍ കാത്തു നില്‍ക്കാന്‍ നിര്‍ദ്ദേശം ലഭിച്ചു. രാത്രി 11 ന് ബസ് വന്നപ്പോള്‍ കൈനീട്ടിയിട്ടും നിര്‍ത്താതെ പോയി. ഉടന്‍ ടിക്കറ്റിലുള്ള നമ്പറില്‍ ബസ് ജീവനക്കാരുമായി ബന്ധപ്പെട്ടെങ്കിലും ബസ് 10 കിലോ മീറ്റര്‍ അകലെ എത്തിയെന്നും മൂന്ന് മിനുട്ടിനകം എത്തുമെങ്കില്‍ കാത്തു നില്‍ക്കാമെന്നും പറഞ്ഞു. ഇതസാധ്യമായതിനാല്‍ തിരിച്ചു പോവുകയായിരുന്നു. കാസര്‍കോട് ഉപഭോക്തൃ തര്‍ക്കപരിഹാര ഫോറം നോട്ടീസ് അയച്ചിട്ടും കേസ് വിചാരണയ്ക്കിടെ എസ്ആര്‍എസ് ട്രാവല്‍സ് പ്രതിനിധികള്‍ ഹാജരാകാതെയും അനാസ്ഥ കാണിച്ചു.

Exit mobile version