സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും വേണ്ടിയും ചൂഷണത്തിന് എതിരായും പോരാടിയ കമ്യൂണിസ്റ്റ് നേതാവായിരുന്നു വി വിശ്വനാഥമേനോന്‍ ; അനുശോചിച്ച് മുഖ്യമന്ത്രി

വാര്‍ധക്യസഹജമായ അസുഖത്തെത്തുടര്‍ന്ന് മുന്‍ ധനമന്ത്രിയും എംപിയുമായിരുന്ന വിശ്വനാഥ മേനോന്‍ ഇന്ന് രാവിലെയായിരുന്നു മരണത്തിന് കീഴടങ്ങിയത്

തിരുവനന്തപുരം: വി വിശ്വനാഥ മേനോനെ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും വേണ്ടിയും ചൂഷണത്തിന് എതിരായും പോരാടിയ കമ്യൂണിസ്റ്റ് നേതാവായിരുന്നു വി വിശ്വനാഥമേനോനെന്ന് പിണറായി വിജയന്‍ പറഞ്ഞു.

പാര്‍ലമെന്റ് അംഗമെന്ന നിലയിലും സംസ്ഥാന ധനകാര്യമന്ത്രിയെന്ന നിലയിലും കഴിവു തെളിയിച്ച നേതാവായിരുന്നു അദ്ദേഹമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലും സ്വാതന്ത്ര്യസമരത്തിലും പങ്കെടുത്താണ് അദ്ദേഹം പൊതുരംഗത്തേക്ക് വന്നതെന്നും മുഖ്യമന്ത്രി അനുശോചന കുറിപ്പില്‍ അറിയിച്ചു.

ധീരനായ പോരാളി എന്നാണ് അദ്ദേഹത്തെ വിശേഷിപ്പിക്കേണ്ടത്. വിശ്വനാഥ മേനോന്റെ വേര്‍പാട്, ഇടതുപക്ഷ- ജനാധിപത്യ പ്രസ്ഥാനങ്ങള്‍ക്ക് വലിയ നഷ്ടമാണെന്നും അനുശോചന കുറിപ്പില്‍ പറയുന്നു.വാര്‍ധക്യസഹജമായ അസുഖത്തെത്തുടര്‍ന്ന് മുന്‍ ധനമന്ത്രിയും എംപിയുമായിരുന്ന വിശ്വനാഥ മേനോന്‍ ഇന്ന് രാവിലെയായിരുന്നു മരണത്തിന് കീഴടങ്ങിയത്.

Exit mobile version