സംസ്ഥാനത്തെ പോലീസ് ഉദ്യോഗസ്ഥരുടെ തൊപ്പി മാറുന്നു; ഇനി ‘പി’ തൊപ്പികള്‍ക്ക് പകരം ‘ബറേ’ തൊപ്പികള്‍

ഡിവൈഎസ്പി മുതല്‍ മുകളിലേക്കുള്ളവര്‍ ഉപയോഗിക്കുന്ന ബറേ തൊപ്പികള്‍ ഇനി സിവില്‍ പോലീസ് ഓഫീസര്‍ മുതല്‍ സിഐവരെയുള്ളവര്‍ക്കും ഉപയോഗിക്കാന്‍ ഡിജിപി തത്വത്തില്‍ അനുമതി നല്‍കി.

തിരുവനന്തപുരം: സംസ്ഥാനത്തെ പോലീസ് ഉദ്യോഗസ്ഥരുടെ തൊപ്പി മാറുന്നു. ഉന്നത ഉദ്യോഗസ്ഥര്‍ക്ക് മാത്രം ഉപയോഗിക്കാന്‍ അനുവാദമുള്ള ബറേ തൊപ്പികള്‍ എല്ലാ പോലീസ് ഉദ്യോഗസ്ഥര്‍ക്കും നല്‍കാന്‍ തീരുമാനമായി. ഡിവൈഎസ്പി മുതല്‍ മുകളിലേക്കുള്ളവര്‍ ഉപയോഗിക്കുന്ന ബറേ തൊപ്പികള്‍ ഇനി സിവില്‍ പോലീസ് ഓഫീസര്‍ മുതല്‍ സിഐവരെയുള്ളവര്‍ക്കും ഉപയോഗിക്കാന്‍ ഡിജിപി തത്വത്തില്‍ അനുമതി നല്‍കി.

ഡിജിപിയുടെ അധ്യക്ഷയില്‍ ചേര്‍ന്ന സ്റ്റാഫ് കൗണ്‍സില്‍ യോഗമാണ് പുതിയ തീരുമാനമെടുത്തത്. നിലവിലുള്ള തൊപ്പി ഉപയോഗിക്കുമ്പോഴുള്ള ബുദ്ധിമുട്ട് പോലീസ് സംഘടനകളാണ് ഡിജിപിക്ക് മുന്നില്‍ വെച്ചത്. ക്രമസമാധാന ചുമതലയുള്ളപ്പോള്‍ ഇപ്പോള്‍ ധരിക്കുന്ന പി-തൊപ്പി സംരക്ഷിക്കാന്‍ പാടാണ്.
മാത്രമല്ല ചൂടും ഇപ്പോഴത്തെ തൊപ്പി ഉപയോഗിക്കുന്നത് ബുദ്ധിമുട്ടിലാക്കുന്നു.
യാത്രകളിലും ഇത് ബുദ്ധിമുട്ടാണെന്ന് പോലീസ് ഡ്രൈവര്‍മാരും പരാതി ഉന്നയിച്ചിരുന്നു. ഇതാണ് എല്ലാവര്‍ക്കും ബറേ തൊപ്പികള്‍ നല്‍കാനുള്ള തീരുമാനത്തില്‍ എത്തിയത്.

സിഐ റാങ്കിന് മുകളിലുള്ളവരുടെ തൊപ്പി നീല നിറമെങ്കില്‍ താഴെ റാങ്കിലുള്ളവരുടെ തൊപ്പിയുടെ നിറം കറുപ്പായിരിക്കും. എന്നാല്‍ പാസിംഗ് ഔട്ട്, വിഐപി സന്ദര്‍ശം, ഔദ്യോഗിക ചടങ്ങുകള്‍ എന്നീ സമയങ്ങളില്‍ പഴയ തന്നെ ഉപയോഗിക്കണം. പുതിയ പരിഷ്‌കാരം സംബന്ധിച്ച ഉത്തരവ് ഉടന്‍ ഇറങ്ങും. പക്ഷെ ഉന്നത ഉദ്യോഗസ്ഥരെ വ്യത്യസ്തരാക്കിയിരുന്ന തൊപ്പികള്‍ എല്ലാവര്‍ക്കും അനുവദിക്കുന്നില്‍ ചിലര്‍ അതൃപ്തി രഹസ്യമായി പ്രകടിപ്പിച്ച് തുടങ്ങിയിട്ടുണ്ട്.

Exit mobile version