വൈദികനില്‍ നിന്നു തട്ടിയ നാലു കോടി നല്‍കിയത് അമേരിക്കയിലുള്ള കാമുകിക്ക്; എഎസ്‌ഐയുടെ മൊഴി

നേപ്പാളില്‍ നിന്നാണ് പണം അയച്ചത്. തട്ടിപ്പിനു കൂട്ടുനിന്ന മൂന്നാമനെയും പോലീസ് പിടികൂടിയിട്ടുണ്ട്.

കൊച്ചി: ജലന്തറില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ വിശ്വസ്തനായ ഫാദറില്‍ നിന്ന് പിടിച്ചെടുത്ത പണത്തില്‍ തിരിമറി നടത്തിയ സംഭവത്തില്‍ അറസ്റ്റിലായ പോലീസ് ഉദ്യോഗസ്ഥരുടെ മൊഴി പുറത്ത്. പിടിച്ചെടുത്ത പണത്തില്‍ നിന്ന് മാറ്റിയ 4 കോടി അമേരിക്കയിലുള്ള തന്റെ കാമുകിയ്ക്കാണ് അയച്ച് കൊടുത്തതെന്ന് അറസ്റ്റിലായ എഎസ്‌ഐമാരില്‍ ഒരാള്‍ പറയുന്നു.

തട്ടിയെടുത്ത പണത്തില്‍ നാലുകോടി രൂപ അമേരിക്കയിലുള്ള കാമുകിക്കും ഒന്നേമുക്കാല്‍ കോടി പാരിസിലുള്ള സുഹൃത്തിനും നല്‍കിയെന്ന് അറസ്റ്റിലായ എഎസ്‌ഐ രാജ്പ്രീത് സിങിന്റെ മൊഴിയില്‍ പറയുന്നു. നേപ്പാളില്‍ നിന്നാണ് പണം അയച്ചത്. തട്ടിപ്പിനു കൂട്ടുനിന്ന മൂന്നാമനെയും പോലീസ് പിടികൂടിയിട്ടുണ്ട്. പഞ്ചാബിലെ ലുധിയാനയില്‍ വാഹന പരിശോധനയ്ക്കിടെ പിടികൂടിയ കോടിക്കണക്കിനു രൂപ രേഖകളില്‍ ഉള്‍പ്പെടുത്താതെ കൈവശപ്പെടുത്തിയതിന് രണ്ട് എഎസ്‌ഐമാരെ ഇന്നലെയാണ് കൊച്ചി സിറ്റി പോലീസ് അറസ്റ്റ് ചെയ്തത്.

സസ്‌പെന്‍ഷനിലായ രണ്ട് എഎസ്‌ഐമാരെയാണു പോലീസ് അറസ്റ്റുചെയ്തത്. ജലന്തര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ കീഴില്‍ സേവനം ചെയ്യുന്ന മലയാളി വൈദികര്‍ സഞ്ചരിച്ച വാഹനത്തില്‍നിന്നാണ് പഞ്ചാബ് പോലീസ് കോടികള്‍ പിടിച്ചെടുത്തത്. എന്നാല്‍ അതില്‍ നിന്നും 6 കോടി രൂപ നഷ്ടപ്പെട്ടതായി വൈദികര്‍ പരാതി നല്‍കിയിരുന്നു. സമാന പരാതികളെത്തുടര്‍ന്ന് പഞ്ചാബ് പോലീസ് മേലധികാരികള്‍ നടത്തിയ അന്വേഷണത്തിലാണ് പട്യാല സ്വദേശികളായ ജോഗീന്ദര്‍ സിങ്, രാജ്പ്രീത് സിങ് എന്നിവരെ സസ്പെന്‍ഡ് ചെയ്തത്.

വൈദികര്‍ സഞ്ചരിച്ചിരുന്ന വാഹനം പരിശോധിച്ച് 9.67 കോടി രൂപയുടെ കള്ളപ്പണം പിടിച്ചെടുത്തെന്നാണ് ആരോപണ വിധേയരായ ഉദ്യോഗസ്ഥര്‍ മേലധികാരികള്‍ക്ക് റിപ്പോര്‍ട്ട് ചെയ്ത്. എന്നാല്‍, പിറ്റേന്നു വൈദികര്‍ വാഹനത്തിലുണ്ടായിരുന്ന 16.65 കോടി രൂപയുടെ രേഖകള്‍ ഹാജരാക്കിയതോടെ പോലീസ് ഉദ്യോഗസ്ഥര്‍ നടത്തിയ ക്രമക്കേട് പുറത്തുവരികയായിരുന്നു.

Exit mobile version