ബിഷപ്പ് ഫ്രാങ്കോയുടെ വിശ്വസ്തനില്‍ നിന്ന് പിടിച്ചെടുത്ത പണം കടത്തി; പഞ്ചാബ് പോലീസിലെ രണ്ട് എഎസ്ഐമാര്‍ കൊച്ചിയില്‍ അറസ്റ്റില്‍!

അറസ്റ്റ് വിവരം പഞ്ചാബ് പോലീസിന് കൈമാറിയിട്ടുണ്ട്.

കൊച്ചി: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ വിശ്വസതനായ ഫാദര്‍ ആന്റണി മാടശ്ശേരിയില്‍ നിന്ന് പഞ്ചാബ് പോലീസ് പിടിച്ചെടുത്ത പണത്തില്‍ നിന്ന് കോടികള്‍ കടത്തിയ രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ കൊച്ചിയില്‍ അറസ്റ്റില്‍. പഞ്ചാബ് പോലീസിലെ എഎസ്‌ഐമാരായ ജോഗീന്ദര്‍ സിങ്, രാജ്പ്രീത് സിങ് എന്നിവരാണ് പിടിയിലായത്. ഫോര്‍ട്ട് കൊച്ചിയില്‍ നിന്ന് കൊച്ചി ഷാഡോ പോലീസാണ് ഇവരെ പിടികൂടിയത്. ഈ മാസം ആദ്യംമുതല്‍ ഇവര്‍ ഒളിവിലായിരുന്നു.

അറസ്റ്റ് വിവരം പഞ്ചാബ് പോലീസിന് കൈമാറിയിട്ടുണ്ട്. ഇവരില്‍നിന്ന് നാല് ലക്ഷംരൂപ പിടിച്ചെടുത്തു. ഉടനെ ഇവരെ പഞ്ചാബ് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറും. 15 കോടിയോളം രൂപയാണ് ഫാ. ആന്റണിയില്‍ നിന്ന് പിടിച്ചെടുത്തത്. റെയ്ഡില്‍ പിടിച്ചെടുത്ത തുകയില്‍ പോലീസ് തന്നെ തിരിമറി നടത്തിയെന്ന് ഫാ. ആന്റണി മാടശ്ശേരി വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചിരുന്നു. 15 കോടി പിടിച്ചെടുത്തെങ്കിലും 9.66 കോടി മാത്രമാണ് പോലീസ് രേഖയില്‍ കാണിച്ചിട്ടുള്ളതെന്നും ഫാ. ആന്റണി ആരോപിച്ചിരുന്നു.

ഇതേപ്പറ്റി അന്വേഷണം നടന്നുകൊണ്ടിരിക്കേയാണ് പഞ്ചാബ് പോലീസിലെ രണ്ട് ഉദ്യോഗസ്ഥര്‍ കൊച്ചിയില്‍ നിന്ന് പിടിയിലായത്. തിങ്കളാഴ്ചയാണ് ഇവര്‍ ഫോര്‍ട്ട് കൊച്ചിയില്‍ താമസം തുടങ്ങിയതെന്ന് പോലീസ് പറഞ്ഞു. ഡല്‍ഹിയിലും നേപ്പാളിലും മുംബൈയിലും ഒളിവില്‍ കഴിഞ്ഞ ശേഷമാണ് ഇവര്‍ കൊച്ചിയിലെത്തിയത്. ആറ് കോടിയോളം രൂപ വിദേശത്തേക്ക് കടത്തിയെന്നാണ് ഇവര്‍ നല്‍കിയ മൊഴി. നാല് കോടിയോളം പാരീസിലെ സുഹൃത്തിന്റെ അക്കൗണ്ടിലേക്കും രണ്ടുകോടി അമേരിക്കയിലെ സുഹൃത്തിന്റെ അക്കൗണ്ടിലേക്കും മാറ്റിയെന്നാണ് ഇവര്‍ പറയുന്നത്. നേപ്പാളില്‍ എത്തിയശേഷം തലസ്ഥാനമായ കാഠ്മണ്ഡുവില്‍നിന്ന് മണിഗ്രാംവഴി പണം വിദേശത്തേക്ക് കടത്തിയെന്നും ഇവര്‍ പറയുന്നു.

Exit mobile version