ഓപ്പറേഷന്‍ നൈറ്റ് റൈഡേഴ്‌സ്; 173 ബസുകള്‍ ചട്ടം ലംഘിച്ചു, 547000 രൂപ പിഴ ഈടാക്കി! ചട്ടം ലംഘിച്ചതില്‍ 22 ബസും കല്ലടയുടേത്

ചട്ടം ലംഘിച്ച എല്ലാ ബസുകള്‍ക്കെതിരെ കേസ് എടുക്കുകയും പിഴ ചുമത്തുകയും ചെയ്തു

തിരുവനന്തപുരം: സംസ്ഥാനത്ത് ഓപ്പറേഷന്‍ നൈറ്റ് റൈഡേഴ്‌സിന്റെ ഭാഗമായി ഇന്നലെ നടത്തിയ പരിശോധനയില്‍ 173 ബസുകള്‍ പെര്‍മിറ്റ് ചട്ടം ലംഘിച്ചതായി കണ്ടെത്തി. ഇതില്‍ 22 ബസുകള്‍ കല്ലടയുടേത് മാത്രമാണ്. ചട്ടം ലംഘിച്ച എല്ലാ ബസുകള്‍ക്കെതിരെ കേസ് എടുക്കുകയും പിഴ ചുമത്തുകയും ചെയ്തു. ഇത്തരത്തില്‍ 547000 രൂപയാണ് പിഴ ഇനത്തില്‍ ഈടാക്കിയത്. ഇതിന് പുറമെ അനധികൃതമായി സാധനങ്ങള്‍ കടത്തിയതിന് രണ്ട് ബസുകള്‍ക്കെതിരെയും കേസെടുത്തു.

കഴിഞ്ഞ ഞായറാഴ്ച്ചയാണ് ബംഗളൂരുവിലേക്ക് പുറപ്പെട്ട കല്ലട ബസിലെ യാത്രക്കാരെ ബസ് ജീവനക്കാര്‍ മര്‍ദ്ദിച്ചത്. ഇതിന്റെ പശ്ചാത്തലത്തിലാണ് അന്തര്‍ സംസ്ഥാന ബസുകളെ നിയന്ത്രിക്കാനുള്ള മോട്ടോര്‍ വാഹന വകുപ്പിന്റെ കര്‍ശന നടപടി. ഓപ്പറേഷന്‍ നൈറ്റ് റൈഡേഴ്‌സ് എന്ന പേരിലാണ് മോട്ടോര്‍ വാഹന വകുപ്പ് നടപടി ആരംഭിച്ചിരിക്കുന്നത്.

ഓപ്പറേഷന്‍ നൈറ്റ് റൈഡേഴ്‌സ് ആരംഭിച്ചതിന് ശേഷം ദിവസവും ശരാശരി 14 ലക്ഷം രൂപയാണ് മോട്ടോര്‍ വാഹന വകുപ്പിന് പിഴ ഇനത്തില്‍ ലഭിക്കുന്നത്. അതേസമയം അന്തര്‍ സംസ്ഥാന ബസുകളുടെ ചട്ടലംഘനങ്ങള്‍ തുടരുന്നതിനിടെ മോട്ടോര്‍ വാഹന വകുപ്പിന് പിഴ ഇനത്തില്‍ കുടിശ്ശികയായി ലഭിക്കാനുള്ളത് കോടികളാണ്. ഇത് 600 കോടിയിലധികം വരുമെന്നാണ് ഗതാഗത കമ്മീഷണര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരിക്കുന്നത്.

Exit mobile version