ബസിനെ തടഞ്ഞുനിര്‍ത്തി കല്ലട എന്ന പേരിനെ ‘കൊല്ലട’യാക്കി, ഗ്ലാസില്‍ അപായ സൂചനയും പതിച്ചു; സമൂഹമാധ്യമങ്ങളില്‍ വൈറലായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം

യാത്രക്കാരെ മര്‍ദിച്ച സംഭവത്തിന്റെ ചൂട് മാറുംമുന്‍പാണ് കല്ലട ബസ് ജീവനക്കാര്‍ ഗുണ്ടകളെ പോലെ പെരുമാറുന്നത് വീണ്ടും ആവര്‍ത്തിക്കുന്നത്.

കൊച്ചി: യാത്രക്കാരനെ മര്‍ദ്ദിച്ച വീഡിയോ വന്നതിനു പിന്നാലെ സമൂഹമാധ്യമങ്ങള്‍ കല്ലടയ്ക്ക് കല്‍പ്പിച്ച് നല്‍കിയ നാമമായിരുന്നു കൊല്ലട എന്നത്. ഇപ്പോള്‍ ആ നാമം ബസിന് മേല്‍ ഒട്ടിച്ച് വ്യത്യസ്ത പ്രതിഷേധം നടത്തിയിരിക്കുകയാണ് യൂത്ത് കോണ്‍ഗ്രസ്. സംഭവത്തിന്റെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളില്‍ നിറയുന്നുണ്ട്.

യാത്രക്കാരെ മര്‍ദിച്ച സംഭവത്തിന്റെ ചൂട് മാറും മുന്‍പാണ് കല്ലട ബസ് ജീവനക്കാര്‍ ഗുണ്ടകളെ പോലെ പെരുമാറുന്നത് വീണ്ടും ആവര്‍ത്തിക്കുന്നത്. യാത്രക്കാരിയെ പീഡിപ്പിക്കാന്‍ ഡ്രൈവര്‍ ശ്രമിച്ച സംഭവവും കേസായതോടെ സംസ്ഥാനത്ത് ഒന്നടങ്കം രോഷം ആളിപ്പടരുകയാണ്. കൊല്ലട എന്ന പേര് മാറ്റിയതിനു പിന്നാലെ ബസിന്റെ ഗ്ലാസില്‍ അപായ സൂചനയും പതിച്ചു.

സര്‍ക്കാര്‍ ശക്തമായ നടപടിയുമായി മുന്നോട്ട് പോകുമെന്ന് പറയുമ്പോഴും അവയെല്ലാം തള്ളി കല്ലട അധികൃതര്‍ തങ്ങളുടെ ഗുണ്ടായിസവും കൈമുതലാക്കി മുന്നോട്ടു പോവുകയാണ്. കല്ലട ബസുകാര്‍ ജനങ്ങളെ വെല്ലുവിളിക്കുന്നെന്ന് ഗതാഗതമന്ത്രി എകെ ശശീന്ദ്രനും ഇന്ന് തുറന്നു പറഞ്ഞു. യാത്രക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ക്ഷമാപണം നടത്തുകപോലും ചെയ്തില്ലെന്നും മന്ത്രി കോഴിക്കോട്ട് പറഞ്ഞു. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Exit mobile version