തിരുവനന്തപുരം: എടിഎം കാര്‍ഡ് യന്ത്രം വലിച്ചെടുത്താല്‍ ബാങ്കുകള്‍ക്ക് ഉത്തരവാദിത്വമില്ലെന്ന് സംസ്ഥാന ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന്‍. എടിഎം കാര്‍ഡ് മെഷീന്‍ വലിച്ചെടുത്തതിന് ബാങ്ക് നഷ്ടപരിഹാരം നല്‍കണമെന്ന മലപ്പുറം ജില്ലാ ഉപഭോക്തൃ ഫോറത്തിന്റെ വിധി റദ്ദാക്കിയാണ് കമ്മീഷന്റെ ഉത്തരവ്.
മലപ്പുറം സ്വദേശി എം വിനോദ് നല്‍കിയ പരാതിയിലായിരുന്നു ജില്ലാ ഫോറത്തിന്റെ വിധി. തന്റെ എസ്ബിഐയുടെ എടിഎം കാര്‍ഡ് ഫെഡറല്‍ ബാങ്കിന്റെ എടിഎം മെഷീന്‍ വലിച്ചെടുത്തു. തിരികേ ലഭിക്കാന്‍ ഫെഡറല്‍ ബാങ്കിനെ സമീപിച്ചെങ്കിലും കാര്‍ഡ് തിരികേ നല്‍കില്ലെന്നായിരുന്നു ബാങ്കിന്റെ നിലപാട്.
തുടര്‍ന്ന് പരാതിക്കാരന്‍ മലപ്പുറം ജില്ലാ ഫോറത്തെ സമീപിക്കുകയും നഷ്ടപരിഹാരത്തിന് ജില്ലാ ഫോറം ഉത്തരവിടുകയും ചെയ്തിരുന്നു. ഇതിനെതിരെ ഫെഡറല്‍ ബാങ്ക് സംസ്ഥാന കമ്മീഷനെ സമീപിക്കുകയും ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷന്റെ നിര്‍ദ്ദേശം അനുസരിച്ചാണ് കാര്‍ഡ് തിരികെ നല്‍കാത്തതെന്ന് കമ്മീഷനെ അറിയിക്കുകയും ചെയ്തു.
കാര്‍ഡ് വലിച്ചെടുത്തില്‍ അക്കൗണ്ട് ഉടമയാണ് ഉത്തരവാദിയെന്നും തട്ടിപ്പ് നടക്കുന്നത് തടയാനുള്ള മുന്‍കരുതലായാണ് ഇങ്ങനെ ചെയ്യുന്നതെന്നും ഫെഡറല്‍ ബാങ്ക് കമ്മീഷനെ അറിയിച്ചു. ബാങ്കിന്റെ വാദം കേട്ട കമ്മീഷന്‍ തുടര്‍ന്ന് മലപ്പുറം ജില്ലാ ഫോറത്തിന്റെ വിധി റദ്ദാക്കുകയായിരുന്നു.
