ദീര്‍ഘദൂര ബസുകളില്‍ പരിശോധന കര്‍ശനമാക്കും, ഉപാധികള്‍ അംഗീകരിക്കാത്ത ബസുകളുടെ സര്‍വീസ് അനുവദിക്കില്ലെന്ന് ഗതാഗത മന്ത്രി

ഓപ്പറേഷന്‍ നൈറ്റ് റൈഡേഴ്‌സ് എന്ന പേരില്‍ അന്തര്‍ സംസ്ഥാന ബസുകളില്‍ മോട്ടോര്‍ വാഹനവകുപ്പിന്റെ പരിശോധന ശക്തമാക്കിയിരുന്നു

തിരുവനന്തപുരം : ദീര്‍ഘദൂര സ്വകാര്യ ബസുകളില്‍ വരും ദിവസങ്ങളില്‍ പരിശോധന കര്‍ശനമാക്കുമെന്ന് സര്‍ക്കാര്‍. ഗതാഗത വകുപ്പ് 27 ഉപാധികള്‍ മുന്നോട്ട് വെച്ചിട്ടുണ്ട്. ഇവ അംഗീകരിക്കാത്ത ബസുകളുടെ സര്‍വീസ് അനുവദിക്കില്ല എന്ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍ വ്യക്തമാക്കി.

ഓപ്പറേഷന്‍ നൈറ്റ് റൈഡേഴ്‌സ് എന്ന പേരില്‍ അന്തര്‍ സംസ്ഥാന ബസുകളില്‍ മോട്ടോര്‍ വാഹനവകുപ്പിന്റെ പരിശോധന ശക്തമാക്കിയിരുന്നുവെന്നും, ഈ നടപടികള്‍ ഇനിയും ശക്തമായി തന്നെ തുടരുമെന്നും ഗതാഗത മന്ത്രി ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു.

യാത്രക്കാരെ കല്ലട ബസിലെ ജീവനക്കാര്‍ മര്‍ദിച്ച സംഭവത്തിന് ശേഷമാണ് ഗതാഗത വകുപ്പ് പരിശോധന ശക്തമാക്കിയത്. യാത്രക്കാരോട് മാന്യമായി പെരുമാറണം, യാത്രക്കാര്‍ക്ക് പ്രാഥമിക കര്‍മ്മങ്ങള്‍ നിര്‍വഹിക്കാനുള്ള സംവിധാനം ഒരുക്കണം എന്നിങ്ങനെ 27 ഉപാധികളാണ് സര്‍ക്കാര്‍ മുന്നോട്ട് വെച്ചിരിക്കുന്നത്.

Exit mobile version