കെവിന്‍ വധക്കേസ്; പന്ത്രണ്ട് പ്രതികളെ തിരിച്ചറിഞ്ഞു

ചാക്കോയും മൂന്നാം പ്രതിയും ഒഴികെയുള്ളവര്‍ കഴിഞ്ഞ മേയ് 27ന് പുലര്‍ച്ചെ തട്ടുകടയില്‍ ഭക്ഷണം കഴിക്കാനെത്തിയതായാണ് മൊഴി

കോട്ടയം: കെവിന്‍ വധക്കേസില്‍ ഏഴാം സാക്ഷി പന്ത്രണ്ട് പ്രതികളെയും തിരച്ചറിഞ്ഞു. ഗാന്ധിനഗറിലെ തട്ടുകട ജീവനക്കാരന്‍ ബിജു എബ്രഹാമാണ് പന്ത്രണ്ട് പ്രതികളെയും തിരിച്ചറിഞ്ഞത്. ചാക്കോയും മൂന്നാം പ്രതിയും ഒഴികെയുള്ളവര്‍ കഴിഞ്ഞ മേയ് 27ന് പുലര്‍ച്ചെ തട്ടുകടയില്‍ ഭക്ഷണം കഴിക്കാനെത്തിയതായാണ് മൊഴി.

ഇതിനിടെ തട്ടുകടയില്‍ പ്രതികളുമായി തര്‍ക്കമുണ്ടായെന്നും ഏഴാം സാക്ഷിയായ ബിജു കോടതിയില്‍ പറഞ്ഞു. കെവിനുമായുള്ള വിവാഹ ശേഷം നീനു താമസിച്ചത് ഹോസ്റ്റലിലാണ്. കെവിനും മുഖ്യ സാക്ഷി അനീഷുമാണ് നീനുവിനെ ഹോസ്റ്റലില്‍ എത്തിച്ചതെന്നും ഹോസ്റ്റലിന്റെ നടത്തിപ്പുകാരനും ആറാം സാക്ഷിയായ ബെന്നി വ്യക്തമാക്കി.

കെവിനെയും അനീഷിനെയും തട്ടിക്കൊണ്ടു പോയതറിഞ്ഞ് അനീഷിന്റെ ബന്ധു സന്തോഷ് ഹോസ്റ്റലില്‍ വന്നെന്നും ബെന്നി പറഞ്ഞു. നീനുവിനെ വിട്ട് നല്‍കിയാല്‍ മുഖ്യ സാക്ഷിയായ അനീഷിനെ മോചിപ്പിക്കാമെന്ന് പ്രതികള്‍ പറഞ്ഞതായും സന്തോഷ് പറഞ്ഞിരുന്നു എന്ന് ബെന്നി കോടതിയില്‍ മൊഴി നല്‍കി.

കെവിനോ അനീഷോ വരാതെ നീനുവിനെ വിട്ട് നല്‍കില്ലെന്നും ബെന്നി പറഞ്ഞതായി മൊഴി നല്‍കി. ഗാന്ധിനഗര്‍ പോലീസ് പിന്നീട് നീനുവിനെ സ്റ്റേഷനിലേക്ക് കൊണ്ടുപോയതായും ആറാം സാക്ഷി വ്യക്തമാക്കി.

Exit mobile version