ജീവിക്കാനായി മണലാരണ്യത്തില്‍ പോയി, ഏജന്റ് ചതിച്ചു, ഇന്ന് സുനിത തടങ്കലില്‍; അമ്മയെ രക്ഷിക്കാനായി പറക്കുമുറ്റാത്ത പെണ്‍കുട്ടികള്‍ പ്രാര്‍ത്ഥനയില്‍

മൂവാറ്റുപുഴ: നിറയെ സ്വപ്‌നങ്ങളും ബാധ്യതകളുമായാണ് ഓരോരുത്തരും പ്രവാസിലോകത്തേക്ക് ചേക്കേറുന്നത്. എന്നാല്‍ പലര്‍ക്കും തങ്ങളുടെ സ്വപ്‌നങ്ങള്‍ പൂര്‍ണമായും സാക്ഷാത്കരിക്കാന്‍ കഴിയാതെ മടങ്ങി വരേണ്ടിയും വരാറുണ്ട്. എന്നാല്‍ ചിലരാകട്ടെ ഏജന്റുമാരുടെ തട്ടിപ്പിന് ഇരയായി ഗള്‍ഫ് നാടുകളില്‍ കുടുങ്ങി കിടക്കാറുണ്ട്. അത്തരം കരളലിയിപ്പിക്കുന്ന കഥയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുന്നത്.

സുനിത എന്ന വീട്ടമ്മയാണ് ദുരിതക്കയത്തില്‍ പെട്ട് രക്ഷപ്പെടാന്‍ കഴിയാതെ ജീവിക്കുന്നത്. ഭര്‍ത്താവ് മരിച്ച് മൂന്നുമക്കളുമായി ദുരിത ജീവിതം നയിക്കുകയായിരുന്നു സുനിത. ജീവിതത്തില്‍ രക്ഷപ്പെടാന്‍ ഒരു കച്ചിതുമ്പ് കിട്ടിയതായിരുന്നു ആ ജോലി അതും ഗള്‍ഫില്‍. മാര്‍ച്ച് നാലിനാണ് ജോലിക്കായി ദുബായിലേക്ക് പോയത്. ശേഷം കഴിഞ്ഞ ശനിയാഴ്ചയാണ് സുനിത അവസാനമായി വീട്ടിലേക്ക് വിളിച്ചത്. ആഹാരംപോലും കിട്ടാതെ താനനുഭവിക്കുന്ന ദുരിതം അന്നുപറഞ്ഞു. എന്നാല്‍ ഇപ്പോള്‍ ഒരാഴ്ചയായി വിവരമൊന്നുമില്ല. അമ്മയുടെ വിവരമറിയാത്തതിനാല്‍ പേടിയോടെ നടക്കുകയാണ് മക്കളായ പത്തൊമ്പതുകാരി ശ്രീലക്ഷ്മിയും പ്ലസ് ടു വിദ്യാര്‍ത്ഥിനി സീതാലക്ഷ്മിയും ഒമ്പതാം ക്ലാസുകാരന്‍ അനന്തുവും.

മൂവാറ്റുപുഴയിലെ മാന്‍പവര്‍ ഏജന്‍സിയിലെ സന്തോഷ് എന്നയാളാണ് സുനിതയെ ദുബായിലേക്ക് കൊണ്ടുപോയത്. വിമാനടിക്കറ്റിനായി 10,000 രൂപ വാങ്ങി. 25,000 രൂപ ശമ്പളം കിട്ടുന്ന ഹൗസ് മെയ്ഡ് ജോലി വാങ്ങിത്തരാമെന്നായിരുന്നു വാഗ്ദാനം. ദുബായില്‍ എത്തിയ ഉടനെ ഇസ്മായേല്‍ എന്നയാള്‍ ഒമാനിലേക്ക് കൊണ്ടുപോയി. അവിടെ നാല് വീടുകളില്‍ ജോലിക്കായി പറഞ്ഞയച്ചു. പിന്നീട് സിറാജ് എന്നയാളുടെ ഓഫീസില്‍ തടങ്കലിലാക്കിയതായും വെള്ളവും ഭക്ഷണവുംപോലും നല്‍കാതെ കഷ്ടപ്പെടുത്തുന്നതായും സുനിത മക്കളെ വിളിച്ചുപറഞ്ഞിരുന്നു. അതിനുശേഷം സുനിത വിളിച്ചിട്ടില്ല.

എന്നാല്‍ ഇപ്പോള്‍ ഏജന്റായ സുരേഷ് കൈമലര്‍ത്തുകയാണ്. സന്തോഷിനെ വിളിക്കുമ്പോള്‍ അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയുമാണെന്ന് മകള്‍ ശ്രീലക്ഷ്മി പറഞ്ഞു. സിറാജിനെ വിളിച്ചപ്പോള്‍ ഒന്നരലക്ഷം രൂപതന്നാല്‍ അമ്മയെ വിട്ടുതരാമെന്നാണ് പറഞ്ഞത്. ശ്രീലക്ഷ്മിക്ക് എറണാകുളത്ത് ചെറിയ താത്കാലിക ജോലിയുണ്ട്. ഇതും അമ്മൂമ്മ വീട്ടുജോലിചെയ്ത് കിട്ടുന്ന ചെറിയ വരുമാനവുമാണ് ഇവര്‍ക്കുള്ള ആശ്രയം.സുനിതയുടെ പാസ്പോര്‍ട്ടിന്റെ വിവരങ്ങളില്ലാത്തതിനാല്‍ നോര്‍ക്ക വകുപ്പ് കൈമലര്‍ത്തുകയാണ്. മൂവാറ്റുപുഴ സ്റ്റേഷനിലും കൊല്ലം കളക്ടര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. കളക്ടര്‍ പരാതി പോലീസ് കമ്മീഷണര്‍ക്ക് കൈമാറി.

Exit mobile version