അച്ഛന്‍ പോയിട്ട് തിരികെ വന്നില്ല; മക്കള്‍ തേടി നടന്നത് മൂന്ന് മാസം, ഒടുവില്‍ കണ്ടെത്തി കുഴിമാടം!

ജനുവരി 21ന് മഞ്ചേരി മദ്യവില്‍പനശാലയ്ക്കു സമീപത്തെ കട വരാന്തയിലാണ് രവിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

മഞ്ചേരി: മരിച്ചതറിയാതെ അച്ഛനെ മക്കള്‍ തേടി നടന്നത് മൂന്ന് മാസം. ഒടുവില്‍ കണ്ടെത്തിയത് കുഴിമാടം ആയിരുന്നു. നാളുകളോളം തേടിനടന്ന് ഒടുവില്‍ കുഴിമാടത്തിന് അടുത്തെത്തിയപ്പോള്‍ അവര്‍ സ്വപ്‌നത്തില്‍ പോലും ധരിച്ചിരുന്നില്ല, കാണേണ്ടി വരുന്നത് ഇങ്ങനെയായിരിക്കുമെന്ന്. മഞ്ചേരിയിലെ കടവരാന്തയില്‍ കിടന്നാണ് തമിഴ്‌നാട് കടലൂര്‍ സ്വദേശി രവി മരിച്ചത്. ഇതൊന്നും അറിയാതെ മക്കള്‍ അദ്ദേഹത്തെ തേടി അലയുകയായിരുന്നു.

ജനുവരി 21ന് മഞ്ചേരി മദ്യവില്‍പനശാലയ്ക്കു സമീപത്തെ കട വരാന്തയിലാണ് രവിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പരിസരപ്രദേശങ്ങളില്‍ മുന്‍പ് കണ്ടിട്ടുണ്ടെങ്കിലും ആര്‍ക്കും രവിയെ കുറിച്ച് അറിവൊന്നും ഇല്ലായിരുന്നു. ബന്ധുക്കളെ പ്രതീക്ഷിച്ച് മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ മൃതദേഹം 3 ദിവസത്തോളം സൂക്ഷിച്ചു. ആളെ തിരിച്ചറിയാന്‍ നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ടതോടെയാണ് മൃതദേഹം സംസ്‌കരിച്ചത്.

കോഴിക്കോട് വെസ്റ്റ്ഹില്‍ കോര്‍പ്പറേഷന്‍ ശ്മശാനത്തിലാണ് രവിയെ സംസ്‌കരിച്ചത്. കഴിഞ്ഞ ദീപാവലിക്കാണ് രവി നാട്ടില്‍ പോയി തിരിച്ചെത്തിയത്. ഇതിനിടെ എപ്പോഴോ ആക്രി സാധനം വിറ്റു ജീവിക്കുന്ന രാജന്റെ ഫോണില്‍നിന്നു മകള്‍ അനിതയെ വിളിച്ചിരുന്നു. കടലൂരില്‍നിന്നു വിട്ടാല്‍ രണ്ടും മൂന്നും ആഴ്ച കഴിഞ്ഞാണ് നാട്ടില്‍ തിരിച്ചെത്തുക. ഒരുമാസം കഴിഞ്ഞിട്ടും രവി നാട്ടിലെത്താതിനാലാണ്‌ മക്കള്‍ അന്വേഷിച്ചിറങ്ങിയത്. അച്ഛന്‍ നേരത്തേ വിളിച്ച ഫോണ്‍ നമ്പര്‍ തപ്പിയെടുത്തു രാജനെ വിളിച്ചപ്പോഴാണ് കുടുംബം മരണവിവരം അറിഞ്ഞത്. തുടര്‍ന്നാണ് രവിയുടെ കുടുംബാംഗങ്ങള്‍ കഴിഞ്ഞ ദിവസം മഞ്ചേരിയില്‍ എത്തിയത്. കുഴിമാടത്തില്‍ പ്രാര്‍ത്ഥിച്ച ശേഷം അവര്‍ കണ്ണീരോടെ മടങ്ങി.

Exit mobile version