വിഷം കലര്‍ത്തിയ മീന്‍ വരവ് വീണ്ടും; കൂടുതലായെത്തുന്നത് വടക്കന്‍ കേരളത്തിലേക്ക്

അമോണിയയും ഫോര്‍മലിനും കലര്‍ന്ന മീന്‍ സംസ്ഥാനത്ത് വ്യാപകമായി വില്‍ക്കുന്നുണ്ടെന്ന് ഭക്ഷ്യസുരക്ഷ വകുപ്പ് വ്യക്തമാക്കി

കോഴിക്കോട്: കേരളത്തിന്റെ വടക്കന്‍ മേഖലകളിലേക്ക് മായം കലര്‍ന്ന് മീന്‍ കൂടുതലായി എത്തുന്നുവെന്ന് ഭക്ഷ്യസുരക്ഷ വകുപ്പ്. സംസ്ഥാനത്ത് മീന്‍ ലഭ്യത കുറഞ്ഞതോടെ ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള വരവ് വര്‍ധിച്ചിരിക്കുകയാണ്. അമോണിയയും ഫോര്‍മലിനും കലര്‍ന്ന മീന്‍ സംസ്ഥാനത്ത് വ്യാപകമായി വില്‍ക്കുന്നുണ്ടെന്ന് ഭക്ഷ്യസുരക്ഷ വകുപ്പ് വ്യക്തമാക്കി.

ഒരിടവേളയ്ക്ക് ശേഷമാണ് സംസ്ഥാനത്ത് മായം കലര്‍ത്തിയ മീന്‍ എത്തുന്നതെന്ന് ഭക്ഷ്യസുരക്ഷ വകുപ്പിന്റെ കണ്ടെത്തല്‍. കോഴിക്കോട് ജില്ലയിലെ പുതിയാപ്പ, സെന്‍ട്രല്‍ മാര്‍ക്കറ്റ് എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ രാസവസ്തുക്കള്‍ കലര്‍ത്തിയ മീന്‍ ഭക്ഷ്യസുരക്ഷാവകുപ്പ് പിടിച്ചെടുത്തു.

വിദഗ്ദ പരിശോധനയ്ക്കായി സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ഇവ റീജണല്‍ ലബോറട്ടറിയിലേക്ക് അയക്കും. സംസ്ഥാന അതിര്‍ത്തികളില്‍ പരിശോധന കര്‍ശനമാക്കാനാണ് ഭക്ഷ്യസുരക്ഷാ എന്‍ഫോഴ്‌സ്‌മെന്റിന്റെ തീരുമാനം.

കഴിഞ്ഞ വര്‍ഷം ഓപ്പറേഷന്‍ സാഗര്‍ റാണിയിലൂടെ 28000 കിലോ മീനാണ് പിടിച്ചെടുത്ത് നശിപ്പിച്ചത്. ഓപ്പറേഷന്‍ സാഗര്‍റാണി വീണ്ടും തുടങ്ങാനും ഭക്ഷ്യസുരക്ഷാ വകുപ്പ് ആലോചിക്കുന്നുണ്ട്.

Exit mobile version