വോട്ടിങ് യന്ത്രത്തിനെതിരെ പരാതി പറഞ്ഞയാള്‍ക്കെതിരെ കേസ്; തെരഞ്ഞെടുപ്പ് ഓഫീസറുടെ നടപടി ജനാധിപത്യത്തോടുള്ള വെല്ലുവിളി; കേട്ട്‌കേള്‍വിയില്ലാത്ത കാര്യമെന്നും മുല്ലപ്പള്ളി

കോഴിക്കോട്: മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണക്കെതിരെ വിമര്‍ശനവുമായി കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. വോട്ടിങ് മെഷീനിലെ അപാകതയെക്കുറിച്ച് പരാതിപ്പെട്ടയാള്‍ക്കെതിരെ കേസെടുക്കുന്നത് കേട്ടുകേള്‍വി ഇല്ലാത്ത കാര്യമാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് ഓഫീസറുടെ നടപടികള്‍ ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്നും ഈ നിലപാട് അംഗീകരിക്കാനാവില്ലെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.

വോട്ടിംഗ് മെഷീനിലെ അപാകതയെക്കുറിച്ച് പരാതിപ്പെട്ടയാള്‍ക്കെതിരെ കേസെടുത്തതിനെ വിമര്‍ശിച്ച് നേരത്തെ രമേശ് ചെന്നിത്തലയും രംഗത്ത് വന്നിരുന്നു.

വോട്ട് ചെയ്തപ്പോള്‍ മറ്റൊരു സ്ഥാനാര്‍ഥിയ്ക്ക് വോട്ട് പതിഞ്ഞെന്ന് പരാതിപ്പെട്ട എബിനെതിരെയാണ് കേസ് എടുത്തത്. പട്ടം കേന്ദ്രീകൃത വിദ്യാലയത്തില്‍ വോട്ട് ചെയ്യാനെത്തിയ വോട്ടറായിരുന്നു എബിന്‍. ഐപിസി 177 വകുപ്പ് പ്രകാരമാണ് എബിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. പിന്നീട് രണ്ട് പേരുടെ ആള്‍ജാമ്യത്തില്‍ വിട്ടയച്ചു.പരാതിയെ തുടര്‍ന്ന് പരിശോധന നടത്തിയപ്പോള്‍ എബിന്റെ പരാതി തെറ്റെന്ന് കണ്ടെത്തിയിരുന്നു. ഇതോടെയാണ് എബിനെ അറസ്റ്റ് ചെയ്തത്.

അതെസമയം വോട്ടിംഗ് യന്ത്രത്തെ പറ്റി പരാതി പറഞ്ഞ വോട്ടര്‍ക്കെതിരെ കേസെടുക്കുന്നതിനോട് വ്യക്തിപരമായി താന്‍ യോജിക്കുന്നില്ലെന്ന് ടിക്കാറാം മീണ പ്രതികരിച്ചു. നിലവിലെ നടപടിക്രമങ്ങള്‍ പാലിച്ചാണ് നടപടികള്‍ സ്വീകരിച്ചതെന്നും മീണ പറഞ്ഞു.

Exit mobile version