പോളിങ് ബൂത്തിലേക്ക് വരാന്‍ വൈമുഖ്യമുള്ളവര്‍ രാജ്യസ്നേഹികള്‍; ഇവരെ സൈനിക ബഹുമതി നല്‍കി ആദരിക്കുന്നു; കന്നിവോട്ട് രേഖപ്പെടുത്തിയ മോഹന്‍ലാലിനെ വിമര്‍ശിച്ചും ടൊവീനോയോട് ഖേദം പ്രകടിപ്പിച്ചും സെബാസ്റ്റ്യന്‍ പോള്‍

ഇത് തന്റെ കന്നിവോട്ടല്ലെന്ന തെളിവുസഹിതമുള്ള താരത്തിന്റെ മറുപടിയോടെ ടൊവീനോയുടെ പേര് ഖേദപ്രകടനത്തോടെ സെബാസ്റ്റ്യന്‍ പോള്‍ പോസ്റ്റില്‍ നിന്നും ഒഴിവാക്കുകയായിരുന്നു

തിരുവനന്തപുരം: ചലച്ചിത്ര താരങ്ങള്‍ ജനാധിപത്യ പ്രക്രിയയുടെ ഭാഗമായ വോട്ടെടുപ്പില്‍ പങ്കെടുക്കുന്നതിനോട് വിമുഖത കാണിക്കുന്നതിനെ വിമര്‍ശിച്ച് മുന്‍ പാര്‍ലമെന്റ് അംഗമായ സെബാസ്റ്റ്യന്‍ പോള്‍. ചില താരങ്ങള്‍ കന്നിവോട്ട് ചെയ്തതായി വാര്‍ത്ത കണ്ടെന്നും മോഹന്‍ലാലിന് ഇപ്പോഴായിരിക്കാം ജനാധിപത്യത്തിലെ പ്രായപൂര്‍ത്തിയായതെന്നും സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു. മുമ്പത്തെ പോസ്റ്റില്‍ മോഹന്‍ലാലിനൊപ്പം യുവതാരം ടൊവീനോ തോമസിന്റെ പേരും സെബാസ്റ്റ്യന്‍ പോള്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും, ഇത് തന്റെ കന്നിവോട്ടല്ലെന്ന തെളിവുസഹിതമുള്ള താരത്തിന്റെ മറുപടിയോടെ ടൊവീനോയുടെ പേര് ഖേദപ്രകടനത്തോടെ സെബാസ്റ്റ്യന്‍ പോള്‍ പോസ്റ്റില്‍ നിന്നും ഒഴിവാക്കുകയായിരുന്നു

അതേസമയം, മോഹന്‍ലാലിന്റേത് കന്നി വോട്ടാണെന്ന വാദത്തില്‍ ഉറച്ചുനില്‍ക്കുകയാണ് സെബാസ്റ്റ്യന്‍ പോള്‍. പോളിങ് ബൂത്തിലേക്ക് വരാന്‍ വൈമുഖ്യമുള്ളവര്‍ ദേശാഭിമാനികളും രാജ്യസ്നേഹികളുമായി വാഴ്ത്തപ്പെടുന്നു. സിവില്‍ ബഹുമതിയും സൈനിക ബഹുമതിയും നല്‍കി അവരെ ആദരിക്കുന്നു. പദ്മങ്ങള്‍ അവര്‍ക്കായി വിടരുന്നുവെന്നും സെബാസ്റ്റ്യന്‍ പോള്‍ മോഹന്‍ലാലിനെ ഫേസ്ബുക്കിലൂടെ വിമര്‍ശിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

ചില താരങ്ങൾ കന്നിവോട്ട് ചെയ്തതായി വാർത്ത കണ്ടു. മോഹൻലാലും ടൊവിനോ തോമസും അക്കൂട്ടത്തിൽ പെടുന്നു. ഇരുവർക്കും ഇപ്പോഴായിരിക്കാം ജനാധിപത്യത്തിലെ പ്രായപൂർത്തിയായത്. ഫഹദ് ഫാസിൽ പതിവായി വോട്ട് ചെയ്യുന്ന ആളാണ്. വോട്ട് ഉണ്ടെങ്കിൽ മമ്മൂട്ടി ചെയ്യും. പോളിങ് ബൂത്തിലേക്ക് വരാൻ വൈമുഖ്യമുള്ളവർ ദേശാഭിമാനികളും രാജ്യസ്നേഹികളുമായി വാഴ്ത്തപ്പെടുന്നു. സിവിൽ ബഹുമതിയും സൈനിക ബഹുമതിയും നൽകി അവരെ ആദരിക്കുന്നു. പദ്മങ്ങൾ അവർക്കായി വിടരുന്നു. ഹിമാചൽ പ്രദേശിലെ ശ്യാം സരൺ നേഗിയെ അറിയുമോ? താരമോ വിഐപിയോ അല്ല. ആദ്യത്തെ തിരഞ്ഞെടുപ്പിലെ ആദ്യത്തെ വോട്ടറായിരുന്നു നേഗി. ഇപ്പോൾ വയസ് 102. പതിനേഴാമത്തെ ലോക്സഭാ തിരഞ്ഞെടുപ്പിലും നേഗി വോട്ട് ചെയ്യും. നേഗിയെ ഭാരതരത്നം നൽകി ആദരിക്കണം.ജനാധിപത്യത്തിലെ മുത്താണ് അയാൾ. അമൂല്യമായ മുത്ത്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യത്തിലെ അതിവിശിഷ്ടനായ വ്യക്തി.

Exit mobile version