വോട്ടിങ് യന്ത്രങ്ങളുടെ തകരാര്‍; പരാതി പറയുന്നവരാണോ തെളിയിക്കേണ്ടത്? ടിക്കാറാം മീണക്കെതിരെ ചെന്നിത്തല

വോട്ടിങ്ങില്‍ ക്രമക്കേട് ആരോപിക്കുന്നവര്‍ അത് തെളിയിച്ചില്ലെങ്കില്‍ കേസെടുക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ അറിയിച്ചിരുന്നു

തിരുവനന്തപുരം: വോട്ടിങ് യന്ത്രത്തില്‍ ക്രമക്കേടുണ്ടെന്ന് ആരോപിച്ച വോട്ടര്‍ക്കെതിരെ കേസെടുത്ത സംഭവത്തില്‍ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയ്‌ക്കെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വോട്ടിങ് യന്ത്രത്തെപ്പറ്റി പരാതി പറയുന്നവര്‍ക്കെതിരെ കേസ് എടുക്കുന്നത് അംഗീകരിക്കാനാകില്ലെന്നും, പരാതിക്കാര്‍ തന്നെ പ്രശ്‌നം തെളിയിക്കണമെന്നത് ശരിയല്ലെന്നും ചെന്നിത്തല പറഞ്ഞു.

തിരുവനന്തപുരം പട്ടം കേന്ദ്രീയ വിദ്യാലയത്തിലെ പോളിങ് ബൂത്തില്‍, വോട്ടിങ് മെഷീനില്‍ ചിഹ്നം മാറിയാണ് പതിയുന്നതെന്ന് പരാതിപ്പെട്ട വോട്ടര്‍ക്കെതിരെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കേസെടുത്തത്. പട്ടം കേന്ദ്രീയ വിദ്യാലയത്തിലെ 151-ാം ബൂത്തിലെ വോട്ടര്‍ എബിനെതിരെയാണ് കേസ് എടുത്തത്. പരാതിയുടെ പശ്ചാത്തലത്തില്‍ ടെസ്റ്റ് വോട്ട് നടത്തിയിരുന്നു. ഇതില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് കേസെടുത്തത്.

വോട്ടിങ്ങില്‍ ക്രമക്കേട് ആരോപിക്കുന്നവര്‍ അത് തെളിയിച്ചില്ലെങ്കില്‍ കേസെടുക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ അറിയിച്ചിരുന്നു.

Exit mobile version