കല്ലട ബസില്‍ യാത്രക്കാര്‍ക്ക് മര്‍ദ്ദനമേറ്റ സംഭവം; കമ്പനി ഉടമയെ വിളിച്ചുവരുത്താന്‍ ഡിജിപിയുടെ നിര്‍ദേശം

കല്ലട ബസില്‍ അക്രമം ഉണ്ടായ സംഭവം ആസൂത്രിതമായ മര്‍ദ്ദനം ആണോ എന്ന് അന്വേഷിക്കുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ നേരത്തെ വിശദമാക്കിയിരുന്നു.

തിരുവനന്തപുരം: കല്ലട ബസില്‍ യാത്രക്കാര്‍ക്ക് ക്രൂരമര്‍ദ്ദനമേറ്റ സംഭവത്തില്‍ കമ്പനി ഉടമയെ വിളിച്ചുവരുത്താന്‍ ഡിജിപിയുടെ നിര്‍ദേശം. സംഭവത്തില്‍ ശക്തമായ നടപടിയെടുക്കുമെന്ന് ഡിജിപി വ്യക്തമാക്കിയിരുന്നു.

അതേസമയം, കല്ലട ബസില്‍ അക്രമം ഉണ്ടായ സംഭവം ആസൂത്രിതമായ മര്‍ദ്ദനം ആണോ എന്ന് അന്വേഷിക്കുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ നേരത്തെ വിശദമാക്കിയിരുന്നു. സംഭവത്തില്‍ കമ്പനി മനേജരടക്കം മൂന്ന് പേര്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

കഴിഞ്ഞ ദിവസം രാത്രി ഹരിപ്പാട് പിന്നിട്ട ബസ് തകരാറായി വഴിയില്‍ കിടന്നിരുന്നു. ദീര്‍ഘനേരം കഴിഞ്ഞിട്ടും ഇത് സംബന്ധിച്ച് യാത്രക്കാര്‍ക്ക് ബസ് ജീവനക്കാര്‍ യാതൊരു മറുപടിയും നല്‍കിയില്ല. ഇതേ തുടര്‍ന്ന് യാത്രക്കാരായ രണ്ട് യുവാക്കള്‍ ഇത് ചോദ്യം ചെയ്തിരുന്നു.

ബസ് പിന്നീട് വൈറ്റിലയിലെത്തിയപ്പോള്‍ കൂടുതല്‍ ബസ് ജീവനക്കാര്‍ ബസിലേക്ക് ഇരച്ച് കയറുകയും യുവാക്കളെ മര്‍ദ്ദിക്കുകയുമായിരുന്നു. വൈറ്റിലയില്‍ വച്ച് മര്‍ദ്ദിച്ചവശരാക്കിയ ശേഷം യുവാക്കളെ ഇവര്‍ ഇറക്കിവിട്ടു. മര്‍ദ്ദനമേറ്റത് പാലക്കാട് സ്വദേശിക്കും വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശിക്കുമാണ്. ഇരുവരും ഈറോഡ് പഠിക്കുന്ന വിദ്യാര്‍ത്ഥികളാണ്.

അതേസമയം, യുവാക്കളാണ് ആദ്യം പ്രശ്‌നം ഉണ്ടാക്കിയതെന്നാണ് സുരേഷ് കല്ലട ബസ് ജീവനക്കാരുടെ ആരോപണം. യുവാക്കള്‍ മദ്യപിച്ചിരുന്നതായി സംശയിക്കുന്നുവെന്ന് സുരേഷ് കല്ലട ബസിന്റെ തിരുവനന്തപുരത്തെ മാനേജര്‍ പ്രതികരിച്ചിരുന്നു.

ബസിലെ യാത്രക്കാരനായ ജേക്കബ് ഫിലിപ്പ് തന്റെ ഫോണില്‍ അക്രമം നടക്കുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി ഫേസ്ബുക്കിലൂടെ പങ്കുവച്ചതോടെയാണ് സംഭവം പുറംലോകമറിയുന്നത്.

Exit mobile version