‘മുന്നോട്ടുള്ള ജീവിതത്തില്‍ ഞങ്ങള്‍ എല്ലാവരും ഒപ്പമുണ്ട്, എന്ത് ആവശ്യമുണ്ടെങ്കിലും അറിയിക്കണം’ ; വീരമൃത്യു വരിച്ച വസന്ത കുമാറിന്റെ ഭാര്യയുടെ കൈപിടിച്ച് പ്രിയങ്ക

വസന്തകുമാറിന്റെ ഭാര്യയേയും മക്കളേയും പ്രിയങ്ക ഗാന്ധി ആശ്വസിപ്പിച്ചു.

മാനന്തവാടി: രണ്ട് ദിവസത്തെ തെരഞ്ഞെടുപ്പ് പര്യടനത്തിനായി കേരളത്തിലെത്തിയ എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി പുല്‍വാമയില്‍ വീരമൃത്യു വരിച്ച ജവാന്‍ വസന്തകുമാറിന്റെ വീട്ടിലെത്തി സന്ദര്‍ശനം നടത്തി. കുടുംബാംഗങ്ങളുമായി ഏറെ നേരം പ്രിയങ്ക ഗാന്ധി ചെലവഴിച്ചു. വസന്തകുമാറിന്റെ ഭാര്യയേയും മക്കളേയും പ്രിയങ്ക ഗാന്ധി ആശ്വസിപ്പിച്ചു.

വീരമൃത്യു വരിച്ച ജവാന്‍ വിവി വസന്തകുമാറിന്റെ ഭാര്യ ഷീനയുടെ കൈപിടിച്ച് പ്രിയങ്ക ഗാന്ധി പറഞ്ഞത് ഇങ്ങനെ…

‘ രാജ്യത്തിനു വേണ്ടി രക്തസാക്ഷിയായ രാജീവിന്റെ മകളാണു ഞാന്‍. ഉറ്റവരുടെ അപ്രതീക്ഷിത വേര്‍പാടിന്റെ വേദന എനിക്കു മനസ്സിലാകും. നിങ്ങള്‍ നല്ല ധൈര്യമുള്ള സ്ത്രീയാണ്’ പ്രിയങ്ക വസന്ത കുമാറിന്റെ ഭാര്യയെ ചേര്‍ത്തു പിടിച്ചു.

മുന്നോട്ടുള്ള ജീവിതത്തില്‍ ഞങ്ങള്‍ എല്ലാവരും ഒപ്പമുണ്ടെന്നും, ഭാവിയില്‍ എന്ത് ആവശ്യങ്ങളുണ്ടെങ്കിലും അറിയിക്കണം എന്നും സ്വന്തം ഫോണ്‍ നമ്പര്‍ കൊടുത്തശേഷം ഷീനയോടും വസന്തകുമാറിന്റെ അമ്മ ശാന്തയോടും പ്രിയങ്ക പറഞ്ഞു.

വസന്തകുമാറിന്റെ തൃക്കൈപ്പറ്റ വാഴക്കണ്ടി കോളനിയിലെ തറവാട്ടുവീട്ടിലെ ഇരുവരുടെയും കൂടിക്കാഴ്ച വികാരനിര്‍ഭരമായിരുന്നു. ഉച്ചയ്ക്കു രണ്ടരയോടെയാണു പ്രിയങ്ക എത്തിയത്. കനത്ത സുരക്ഷാവലയത്തിലായിരുന്നു വീടും പരിസരവും. ഷീനയ്ക്കു ലഭിച്ച സര്‍ക്കാര്‍ സഹായങ്ങളെക്കുറിച്ചും മക്കളുടെ വിദ്യാഭ്യാസത്തെക്കുറിച്ചും പ്രിയങ്ക ചോദിച്ചറിഞ്ഞു. കൂടാതെ മുന്നോട്ടുള്ള ജീവിതത്തില്‍ ഞങ്ങള്‍ എല്ലാവരും ഒപ്പമുണ്ടെന്നും പ്രിയങ്ക കുടുംബത്തിന് വാക്ക് കൊടുത്തു.

ഇതിനിടെ വീട്ടുകാര്‍ ഉണ്ടാക്കിയ കപ്പവേവിച്ചതും പച്ചമുളകു ചമ്മന്തിയും കഴിച്ചാണ് പ്രിയങ്ക മടങ്ങിയത്. പുറത്തു പ്രിയങ്കയെ കാണാന്‍ കാത്തു നിന്ന ജനക്കൂട്ടത്തിനടുത്തെത്തി എല്ലാവര്‍ക്കും കൈകൊടുത്താണു പ്രിയങ്ക മടങ്ങിയത്. എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍, ഡിസിസി പ്രസിഡന്റ് ഐസി ബാലകൃഷ്ണന്‍, പഴകുളം മധു തുടങ്ങിയ നേതാക്കളും ഒപ്പമുണ്ടായിരുന്നു.

Exit mobile version