ജയിലില്‍ കിടക്കാന്‍ ആഗ്രഹം; അജ്ഞാതനെ കുത്തിക്കൊലപ്പെടുത്തി യുവാവ് കമ്മീഷണര്‍ ഓഫീസില്‍! നടുക്കിയ സംഭവം കോഴിക്കോട്

കത്തിയുമായി കയറി ചെന്ന യുവാവ് താന്‍ ഒരാളെ കുത്തിക്കൊന്നെന്ന് വെളിപ്പെടുത്തുകയായിരുന്നു.

കോഴിക്കോട്: നഗരമധ്യത്തില്‍ സിറ്റി പോലീസ് കമ്മീഷണറുടെ ഓഫീസിന് മുന്നില്‍ വെച്ച് അജ്ഞാതനെ കുത്തികൊന്നു. ജയിലില്‍ കിടക്കാനുള്ള മോഹമാണ് കൊലപാതകത്തിന് മുതിര്‍ന്നതെന്നാണ് ഇയാള്‍ പോലീസിന് നല്‍കിയ മൊഴി. നഗരത്തില്‍ അലഞ്ഞു തിരിഞ്ഞ് നടന്ന അജ്ഞാതനെ കുത്തിയ ശേഷം കത്തിയുമായി ഇയാള്‍ കമ്മീഷണറുടെ ഓഫീസില്‍ ചെന്ന് കീഴടങ്ങുകയായിരുന്നു.

കത്തിയുമായി കയറി ചെന്ന യുവാവ് താന്‍ ഒരാളെ കുത്തിക്കൊന്നെന്ന് വെളിപ്പെടുത്തുകയായിരുന്നു. പോലീസ് കുത്തേറ്റയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടു. പ്രബിന്‍ ദാസ് എന്നാണ് പ്രതിയുടെ പേരെന്ന് പോലീസ് വെളിപ്പെടുത്തി. കൊലപ്പെടുത്താനായി യാചകരേയോ അനാഥരേയോ തേടി താന്‍ നടക്കുകയായിരുന്നെന്നും ഇയാള്‍ പോലീസിനോട് വെളിപ്പെടുത്തി. ഇയാള്‍ക്ക് മാനസിക രോഗം ഉള്ളതായാണ് പോലീസിന്റെ നിഗമനം.

ഇയാളുടെ വെളിപ്പെടുത്തല്‍ അനുസരിച്ച് പോലീസുകാര്‍ പുറത്തിറങ്ങി നോക്കിയപ്പോള്‍ കഴുത്തില്‍ ആഴത്തില്‍ കുത്തേറ്റ ഒരാള്‍ ഓടി വരുന്നത് കണ്ടു. കമ്മീഷണര്‍ ഓഫീസ് വളപ്പില്‍ കുഴഞ്ഞുവീണ ഇയാളെ പോലീസ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. വളയം സ്വദേശിയായ പ്രബിന്‍ ദാസിനെ പോലീസ് ഉടന്‍ അറസ്റ്റ് ചെയ്തു. കൊല്ലപ്പെട്ടയാളെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. കൊല്ലപ്പെട്ടയാളുടെ കൈവശമുണ്ടായിരുന്ന കവറില്‍ നിന്ന് തമിഴ് ഭാഷയിലുള്ള കടലാസുകള്‍ പോലീസ് കണ്ടെടുത്തിട്ടുണ്ട്.

Exit mobile version