‘ജലീലിന്റെ കൊലപാതകികള്‍ക്ക് മാപ്പില്ല, തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുക’; കണ്ണൂരിലും മാവോയിസ്റ്റ് പോസ്റ്ററുകള്‍

പേരാവൂരിലെ ഒരു വാടകക്കെട്ടിടത്തിലാണ് മാവോയിസ്റ്റ് പോസ്റ്ററുകള്‍ കണ്ടെത്തിയത്

പേരാവൂര്‍: വയനാടിന് പിന്നാലെ കണ്ണൂരിലെ മലയോര പ്രദേശമായ പേരാവൂരിലും മാവോയിസ്റ്റ് പോസ്റ്ററുകള്‍. ഇവിടെയും തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കണം എന്ന് ആഹ്വാനം ചെയ്ത പോസ്റ്ററുകളാണ് പതിച്ചിരിക്കുന്നത്. പേരാവൂരിലെ ഒരു വാടകക്കെട്ടിടത്തിലാണ് മാവോയിസ്റ്റ് പോസ്റ്ററുകള്‍ കണ്ടെത്തിയത്.

പോസ്റ്ററില്‍ ‘ജലീലിന്റെ കൊലപാതകികള്‍ക്ക് മാപ്പില്ല, തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുക’ എന്നീ മുദ്രാവാക്യങ്ങളാണ് ഉള്ളത്. വയനാട്ടിലും തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കണമെന്ന് ആഹ്വാനം ചെയ്ത് മാവോയിസ്റ്റുകള്‍ പോസ്റ്ററുകള്‍ പതിച്ചിരുന്നു. ഇതേ തുടര്‍ന്ന് പോലീസ് മാവോയിസ്റ്റ് മേഖലകളില്‍ നിരീക്ഷണം ശക്തമാക്കിയിരുന്നു.

അതേസമയം വയനാട്ടിലെ സ്ഥാനാര്‍ത്ഥികള്‍ക്ക് മാവോയിസ്റ്റ് ഭീഷണിയുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് വന്നിരുന്നു. വയനാട്ടിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ തുഷാര്‍ വെള്ളാപ്പള്ളിയെയും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ വിപി സുനീറിനെയും മാവോയിസ്റ്റുകള്‍ ലക്ഷ്യമിടുന്നുണ്ടെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണ സ്ഥലത്ത് മാവോയിസ്റ്റുകള്‍ ആക്രമണം നടത്താനോ
സ്ഥാനാര്‍ത്ഥികളെ തട്ടിക്കൊണ്ടു പോകാനോ സാധ്യതയുണ്ടെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്.

Exit mobile version