സംസ്ഥാനത്ത് ഇടതു തരംഗം! പ്രവചനവുമായി ബിഗ് ലൈവ് ടിവി – ഒഎസ്ഡബ്ലിയുസി ലോക്സഭാ തെരഞ്ഞെടുപ്പ് സര്‍വ്വേ

വോട്ടര്‍മാരെ നേരിട്ട് സമീപിച്ചും ഓണ്‍ലൈനായും ഇരുപതിനായിരത്തില്‍പ്പരം പ്രതികരണങ്ങള്‍ എടുത്താണ് ബിഗ് ലൈവ് ടിവി സര്‍വേ റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

തൃശ്ശൂര്‍: സംസ്ഥാനത്ത് വ്യക്തമായ ഇടതു മുന്നേറ്റം പ്രവചിച്ച് ബിഗ് ലൈവ് ടിവി – ഒഎസ്ഡബ്ലിയുസി ലോക്സഭാ തെരഞ്ഞെടുപ്പ് സര്‍വ്വേ ഫലം. ഇരുപത് ലോക്‌സഭാ മണ്ഡലങ്ങളില്‍ 15 സീറ്റുകള്‍ എല്‍ഡിഎഫിനും അഞ്ച് സീറ്റുകള്‍ യുഡിഎഫിനും ലഭിക്കുമെന്നാണ് സര്‍വ്വേ പ്രവചിക്കുന്നത്. ആറ്റിങ്ങല്‍, കൊല്ലം, പത്തനംതിട്ട, മാവേലിക്കര, ആലപ്പുഴ, എറണാകുളം, ചാലക്കുടി, തൃശ്ശൂര്‍, ആലത്തൂര്‍, പാലക്കാട്, പൊന്നാനി, കോഴിക്കോട്, വടകര, കണ്ണൂര്‍, കാസര്‍കോട് എന്നീ മണ്ഡലങ്ങളിലാണ് എല്‍ഡിഎഫ് മുന്നിലെത്തിയിട്ടുള്ളത്.

തിരുവനന്തപുരം, കോട്ടയം, ഇടുക്കി, മലപ്പുറം, വയനാട് എന്നീ മണ്ഡലങ്ങളില്‍ യുഡിഎഫും മുന്നിലാണ്. എന്നാല്‍ അങ്ങനെ പറയുമ്പോള്‍ത്തന്നെ 7 മണ്ഡലങ്ങളില്‍ ഒരു ശതമാനത്തില്‍ താഴെ മാത്രം വോട്ട് വ്യത്യാസം വരുന്ന രീതിയില്‍ കടുത്ത മത്സരമാണ് നടക്കുന്നതെന്നും സര്‍വ്വേ പറയുന്നു. സാധാരണ രീതിയില്‍ അങ്ങനെയുള്ള മണ്ഡലങ്ങളില്‍ ഒരു മുന്നണിയ്ക്കും വ്യക്തമായ മുന്‍തൂക്കം പ്രഖ്യാപിക്കാതിരിക്കുകയാണ് സര്‍വ്വേകളിലെ രീതി. എന്നാല്‍ ബിഗ് ലൈവ് ടിവി സര്‍വ്വേയില്‍ കണ്ടെത്തിയ ചെറിയ വ്യത്യാസത്തിന്റെ അടിസ്ഥാനത്തില്‍ ആ മണ്ഡലങ്ങളിലെയും മുന്‍തൂക്കം പ്രഖ്യാപിക്കാന്‍ തയ്യാറാവുകയാണ്. എല്‍ഡിഎഫിന് മുന്‍തൂക്കം പ്രഖ്യാപിച്ചിട്ടുള്ള കൊല്ലം, പത്തനംതിട്ട, മാവേലിക്കര, എറണാംകുളം, പൊന്നാനി, കണ്ണൂര്‍ എന്നീ മണ്ഡലങ്ങളിലും യുഡിഎഫിന് മുന്‍തൂക്കം പ്രഖ്യാപിച്ചിട്ടുള്ള ഇടുക്കിയിലും ഏകദേശം ഒരു ശതമാനത്തോളം വോട്ടുകളുടെ വ്യത്യാസം മാത്രമാണ് കണ്ടത്. അതിന്റെ അടിസ്ഥാനത്തിലാണ് ഈ സര്‍വ്വേ ഫലം തയ്യാറാക്കിയിട്ടുള്ളത്. സര്‍വ്വേ ഫലത്തില്‍ മൂന്ന് ശതമാനം വരെ വോട്ട് വ്യത്യാസമുള്ള മണ്ഡലങ്ങളില്‍ അവസാന നിമിഷം ചില മാറ്റങ്ങളും സംഭവിക്കാവുന്നതാണ്. ചുരുക്കത്തില്‍ സര്‍വ്വേഫലം അവലോകനം ചെയ്താല്‍ എത്തിച്ചേരാവുന്ന നിഗമനങ്ങള്‍ ഇങ്ങനെ ഉപസംഹരിക്കാവുന്നതാണ്.

സംസ്ഥാനത്ത് ആകെയുള്ള 20 പാര്‍ലമെന്റ് മണ്ഡലങ്ങളില്‍ 7 സീറ്റുകളില്‍ എല്‍ഡിഎഫും 4 സീറ്റുകളില്‍ യുഡിഎഫിനും വിജയം സുനിശ്ചിതം. കാസര്‍കോട്, വടകര, കോഴിക്കോട്, പാലക്കാട്, ആലത്തൂര്‍, തൃശ്ശൂര്‍, ആറ്റിങ്ങല്‍ മണ്ഡലങ്ങളാണ് എല്‍ഡിഎഫ് വിജയം ഉറപ്പിച്ചത്. വയനാട്, മലപ്പുറം, കോട്ടയം, തിരുവനന്തപുരം മണ്ഡലങ്ങളില്‍ യുഡിഎഫും വിജയിക്കും. ശേഷിക്കുന്ന 9 മണ്ഡലങ്ങളില്‍ ( കണ്ണൂര്‍, പൊന്നാനി, ചാലക്കുടി, ഇടുക്കി, എറണാകുളം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, മാവേലിക്കര) കടുത്ത മത്സരമാണ്. ഇതില്‍ 3 മുതല്‍ 9 വരെ സീറ്റുകള്‍ എല്‍ഡിഎഫ് നേടാനാണ് സാധ്യത. എല്‍ഡിഎഫ് 10-16 സീറ്റുകള്‍ നേടുമ്പോള്‍, യുഡിഎഫിന് 4 മുതല്‍ 10 വരെ സീറ്റുകളില്‍ സാധ്യതയും കല്പിക്കുന്നുണ്ട്. പൊതുവില്‍ എല്ലാ മണ്ഡലങ്ങളിലും ഇഞ്ചോടിഞ്ചാണ് മത്സരം. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, തൃശ്ശൂര്‍, പാലക്കാട് എന്നീ അഞ്ചു മണ്ഡലങ്ങളില്‍ ത്രികോണ മത്സരം ഉണ്ട്.

തിരുവനന്തപുരം, ആറ്റിങ്ങല്‍, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, ചാലക്കുടി, തൃശ്ശൂര്‍, പാലക്കാട്, പൊന്നാനി, കോഴിക്കോട്, വടകര, കാസര്‍കോട്, വയനാട് എന്നീ 14 മണ്ഡലങ്ങളില്‍ ആണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ ശക്തമായ സാന്നിധ്യം ഉണ്ടാക്കുന്നത്.

മേഖലാടിസ്ഥാനത്തില്‍ കണക്കാക്കിയാല്‍ തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും എല്‍ഡിഎഫിനു തന്നെയാണ് ആധിപത്യം. യുഡിഎഫിന് തെക്കന്‍ കേരളത്തില്‍ ഒന്നും മധ്യകേരളത്തില്‍ രണ്ടും വടക്കന്‍ കേരളത്തില്‍ രണ്ടും സീറ്റുകളാണ് സര്‍വേ പ്രവചിച്ചിട്ടുള്ളത്. അങ്ങനെ വരുമ്പോള്‍ സംസ്ഥാനത്താകെ ഇടതുമുന്നണിക്ക് അനുകൂലമായ ഒരു തരംഗമുണ്ടെന്ന് തന്നെ പറയേണ്ടിവരും. രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാര്‍ത്ഥിത്വം വയനാട് മണ്ഡലത്തിന് പുറത്ത് കാര്യമായ ചലനമൊന്നും ഉണ്ടാക്കിയിട്ടില്ലെന്നും സര്‍വ്വേ കണ്ടെത്തിയിട്ടുണ്ട്.

യുവ വോട്ടര്‍മാരില്‍ വലിയ സ്വാധീനമുണ്ടാക്കാന്‍ എല്‍ഡിഎഫിന് കഴിഞ്ഞിട്ടുണ്ടെന്നതാണ് എല്‍ഡിഎഫ് മുന്നേറ്റത്തിന് അടിസ്ഥാനമായി ഈ സര്‍വ്വേയില്‍ കണ്ടെത്തിയിട്ടുള്ള ഘടകം. ശബരിമല അടക്കമുള്ള വിഷയങ്ങളില്‍ സിപിഎമ്മും പിണറായി വിജയനും എടുത്ത നിലപാട് സിപിഎമ്മിനോട് അകന്നു നില്‍ക്കുന്ന ഇടത് പശ്ചാത്തലമുള്ള യുവജന വിഭാഗത്തില്‍ വലിയ സ്വാധീനമുണ്ടാക്കിയിട്ടുണ്ട്. അത്തരം വോട്ടുകള്‍ ഇടതുമുന്നണിക്കനുകൂലമായി ഉറപ്പിച്ചു നിര്‍ത്തുന്നതില്‍ ഈ നിലപാട് സഹായകമായിട്ടുമുണ്ട്. പരമ്പരാഗത വോട്ടുകളില്‍ വലിയ ചോര്‍ച്ചയുണ്ടാവാതെ നിലനിര്‍ത്താനും എല്‍ഡിഎഫിനായിട്ടുണ്ട്. ശബരിമല വിഷയം ചില മണ്ഡലങ്ങളില്‍ എല്‍ഡിഎഫിന്റെ പരമ്പരാഗത വോട്ടുകളില്‍ ചെറിയ ചോര്‍ച്ച ഉണ്ടാക്കുമെങ്കിലും യുവാക്കളിലെ സ്വാധീനം അടക്കമുള്ള ഘടകങ്ങളിലൂടെ എല്‍ഡിഎഫ് അത് മറികടക്കുമെന്നാണ് സര്‍വ്വേയിലെ വിലയിരുത്തല്‍.

ഇതോടൊപ്പം സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയ പ്രവാസി ക്ഷേമ പദ്ധതികള്‍ പ്രവാസി സമൂഹത്തിലും ക്ഷേമ പെന്‍ഷനുകളുടെ വിതരണം അതിന്റെ ഉപഭോക്താക്കളിലും അവരുമായി അടുത്തു നില്‍ക്കുന്നവരിലു ഇടത് അനുകൂല സ്വാധീനമുണ്ടാക്കിയിട്ടുണ്ട്. കണ്ണൂര്‍ വിമാനത്താവളമടക്കം പല പദ്ധതികളുടെയും പൂര്‍ത്തീകരണത്തിന്റെ വേഗം കൂട്ടാനും നടപ്പാക്കാനുമൊക്കെ കഴിഞ്ഞത് ഭൗതിക സാഹചര്യ വികസനം വിലയിരുത്തുന്ന വിഭാഗത്തിലും അനുകൂല മനോഭാവമുണ്ടാക്കിയിട്ടുണ്ടെന്ന് സര്‍വേ കണ്ടെത്തി. ഇങ്ങനെ വിവിധ ഘടകങ്ങളാണ് സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ചിത്രം നിലവില്‍ ഇടതുമുന്നണിക്ക് അനുകൂലമാണെന്ന് ബിഗ് ലൈവ് ടിവി – ഒഎസ്ഡബ്ലിയുസി സര്‍വേ കണ്ടെത്തിയതിന്റെ അടിസ്ഥാന വസ്തുതകള്‍.

വോട്ടര്‍മാരെ നേരിട്ട് സമീപിച്ചും ഓണ്‍ലൈനായും ഇരുപതിനായിരത്തില്‍പ്പരം പ്രതികരണങ്ങള്‍ എടുത്താണ് ബിഗ് ലൈവ് ടിവി സര്‍വേ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. നേരത്തെ 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 91 സീറ്റുകള്‍ എല്‍ഡിഎഫ് നേടുമെന്ന് ബിഗ് ന്യൂസ് സര്‍വേ പ്രവചിച്ചിരുന്നു. അന്ന് എല്‍ഡിഎഫിന് ഇത്രയും സീറ്റുകള്‍ പ്രവചിച്ച ഏക സര്‍വേയും ഇതായിരുന്നു. ഇത്തവണ ലോക് സഭാ തെരഞ്ഞെടുപ്പില്‍ ദ ഹിന്ദു സര്‍വ്വേയും സംസ്ഥാനത്ത് ഇടതുമുന്നേറ്റം പ്രവചിച്ചിട്ടുണ്ട്.

Exit mobile version