ആലുവയില്‍ മൂന്ന് വയസുകാരനെ മര്‍ദ്ദിച്ച സംഭവം; കുട്ടിയെ അനുസരണക്കേടിന് ശിക്ഷിച്ചതാണെന്ന് അമ്മ, അറസ്റ്റ് ഉടന്‍

സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്

ആലുവ: മൂന്ന് വയസുകാരനെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ അമ്മയുടെ വെളിപ്പെടുത്തല്‍. കുട്ടി അനുസരണക്കേട് കാണിച്ചതിനാലാണ് ശിക്ഷിച്ചതെന്ന് കുട്ടിയുടെ അമ്മ പോലീസിനോട് പറഞ്ഞു. മൂന്ന് വയസുകാരനെ ഇടയ്ക്കിടെ ഇവര്‍ ക്രുരമായി മര്‍ദ്ദിച്ചിരുന്നെന്ന് കമ്മീഷണര്‍ പറഞ്ഞു. കുട്ടിയെ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചുവെന്നും കട്ടിയുള്ള തടികൊണ്ട് തലയ്ക്കടിച്ചുവെന്നും പോലീസ് വ്യക്തമാക്കി. അമ്മയുടെ അറസ്റ്റ് ഉടന്‍ എന്ന് പോലീസ് അറിയിച്ചു.

അടുക്കളയിലെ സ്ലാബില്‍ നിന്ന് കുട്ടി താഴേക്ക് വീഴുകയായിരുന്നുവെന്നാണ് കുട്ടിയുടെ അമ്മ ആദ്യം മൊഴി നല്‍കിയിരുന്നത്. വിശദമായ ചോദ്യം ചെയ്യലിലാണ് അനുസരണക്കേടിന് ശിക്ഷിച്ചതാണെന്ന് അമ്മ വെളിപ്പെടുത്തിയത്. കഴിഞ്ഞ ദിവസം രാത്രി കുട്ടിയെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെങ്കിലും തലച്ചോറിലെ രക്തസ്രാവം ഇതുവരെ നിയന്ത്രിക്കാനായിട്ടില്ല.

സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. ശരീരത്തില്‍ പൊള്ളലേറ്റ പാടുകള്‍ പഴക്കം ചെന്നതാകാമെന്നാണ് ഡോക്ടര്‍മാരുടെ പ്രാഥമിക നിഗമനം. മൂന്നുവയസ്സുകാരനെ ഇന്നലെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Exit mobile version