ഏഴു വര്‍ഷം ജോലി ചെയ്ത സ്ഥാപനം ഇറക്കി വിട്ടു; മത്സരബുദ്ധിയോടെ പഠിച്ച് അതേ പോസ്റ്റിലേക്ക് ഒന്നാം റാങ്കോടെ ജോലി ഉറപ്പാക്കി പ്രതികാരം തീര്‍ത്ത് വീണ!

തിരുവനന്തപുരം: ഏഴു വര്‍ഷത്തോളം ജോലി ചെയ്ത സ്ഥാപനത്തില്‍ നിന്നും അപ്രതീക്ഷിതമായി പിരിച്ചു വിട്ടപ്പോള്‍ വീണയൊന്ന് പതറി. എന്നാല്‍ തോല്‍ക്കാന്‍ തയ്യാറായില്ല. ജോലി അത്യാവശ്യമായതിനാല്‍ തന്നെ കഠിനപരിശ്രമം ചെയ്ത് ആഗ്രഹിച്ച സ്ഥാനത്തേക്ക് ഒന്നാം റാങ്കോടെ എത്തിയാണ് ഈ യുവതി വിധിയോട് പ്രതികാരം ചെയ്തത്. ദേവസ്വം റിക്രൂട്‌മെന്റ് ബോര്‍ഡ് കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് റാങ്ക് ലിസ്റ്റില്‍ ഒന്നാം റാങ്കാണ് വീണ എസ് നാഥെന്ന തിരുവനന്തപുരത്തെ വനിത സ്വന്തമാക്കിയത്. തിരുവനന്തപുരത്തെ പ്രശസ്തമായ ഒരു സ്ഥാപനത്തില്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റായി കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുകയായിരുന്നു വീണ. ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍, കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് തസ്തികയില്‍ അതേസ്ഥാപനത്തില്‍ സ്ഥിരനിയമനത്തിന് അവസരം ലഭിച്ചിട്ടും രാഷ്ട്രീയ ഇടപെടലാണ് വീണയുടെ ജോലി തട്ടിത്തെറിപ്പിച്ചത്.

2017 അവസാനം ജോലിയില്‍ നിന്നുതന്നെ പിരിച്ചുവിടുകയും ചെയ്തു. ഇതോടെ സ്ഥിരനിയമനം നേടാനായി വീണ ഇറങ്ങിത്തിരിച്ചു. തിരുവനന്തപുരത്തു തന്നെ പരീക്ഷാ പരിശീലനം ആരംഭിച്ചു. ഒരു വര്‍ഷത്തോളം പരിശീലനം നടത്തി. വൈകി പരീക്ഷാപരിശീലന രംഗത്തെത്തിയതിനാല്‍ തുടക്കത്തില്‍ അല്‍പം ബുദ്ധിമുട്ടുകള്‍ നേരിട്ടിരുന്നു. എന്നാല്‍ പിന്നീട് അതെല്ലാം തരണം ചെയ്തു. വിവിധ തസ്തികകളില്‍ അപേക്ഷ നല്‍കി. പലതിന്റെയും പരീക്ഷ കഴിഞ്ഞു. ലിസ്റ്റില്‍ മികച്ച വിജയം നേടാന്‍ കഴിയുമെന്നാണ് വീണയുടെ പ്രതീക്ഷ. മുന്‍പു പരീക്ഷ എഴുതിയ കമ്പനി/കോര്‍പറേഷന്‍/ബോര്‍ഡ് സിഎ ഗ്രേഡ് രണ്ട് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. പ്രാക്ടിക്കല്‍ പരീക്ഷയും കഴിഞ്ഞു റാങ്ക് ലിസ്റ്റ് പ്രതീക്ഷിച്ചിരിക്കയാണ്.

ഇക്കണോമിക്‌സില്‍ ബിരുദവും കൊമേഴ്‌സ്യല്‍ പ്രാക്ടീസില്‍ ഡിപ്ലോമയും നേടിയ വീണ തിരുവനന്തപുരം തിരുമല അണ്ണൂര്‍ മുരളികയില്‍ രാമനാഥന്‍ നായരുടെയും ശോഭനകുമാരിയുടെയും മകളാണ്. ഭര്‍ത്താവ് എന്‍എസ് ബാലമോഹന്‍ സ്‌പോര്‍ട്‌സ് വകുപ്പില്‍ അസിസ്റ്റന്റ് എന്‍ജിനീയറാണ്. ഏക മകന്‍ വി നിവേദ് മോഹന്‍ ഒന്നാം ക്ലാസില്‍ പഠിക്കുന്നു.

Exit mobile version