കയറുന്നതിനിടെ കാല്‍തെറ്റി, ഓടുന്ന ട്രെയിനില്‍ തൂങ്ങി കിടന്ന് വീട്ടമ്മ; രക്ഷകനായത് പോലീസുകാരന്‍

മകളെ അന്വേഷിച്ച് പുറത്തിറങ്ങിയ ലീനാമ്മ തിരികെ ട്രെയിനില്‍ കയറുന്നതിനിടെയാണ് അപകടം.

തിരുവനന്തപുരം: ജനങ്ങളുടെ രക്ഷകരാണ് എന്നും പോലീസ്. ഇപ്പോള്‍ സ്വന്തം ജീവന്‍ പണയപ്പെടുത്തി ഒരു വീട്ടമ്മയുടെ ജീവന്‍ രക്ഷിച്ച പോലീസുകാരനാണ് സോഷ്യല്‍മീഡിയയിലെയും മറ്റും താരം. നീങ്ങിത്തുടങ്ങിയ ട്രെയിനില്‍ കയറുന്നതിനിടെ വീട്ടമ്മയായ ലീനാമ്മ കാല്‍തെറ്റി വീഴുകയായിരുന്നു. ആ സമയം ഡ്യൂട്ടിയിലുണ്ടായ പോലീസുകാരനായ രാജേഷ് ഓടിയെത്തുകയായിരുന്നു.

രാജേഷിന്റെ സമയോചിതമായ ഇടപെടലാണ് ലീനാമ്മയ്ക്ക് ജീവന്‍ തിരികെ നല്‍കിയത്. ലീലാമ്മ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. വര്‍ക്കല സ്റ്റേഷന്‍ ഒന്നാം നമ്പര്‍ പ്‌ളാറ്റ്‌ഫോമിലാണു സംഭവം. കുടുംബത്തോടൊപ്പം കന്യാകുമാരിയില്‍ നിന്നും വരികയായിരുന്നു ഇവര്‍. വര്‍ക്കല സ്റ്റേഷനില്‍ എത്തിയപ്പോള്‍ വെള്ളം വാങ്ങുന്നതിനായി മകള്‍ ലീനാ ഔസേപ്പ് പുറത്തിറങ്ങിയിരുന്നു. ഇതിനിടെ ട്രെയിന്‍ പുറപ്പെട്ടു തുടങ്ങി.

മകളെ അന്വേഷിച്ച് പുറത്തിറങ്ങിയ ലീനാമ്മ തിരികെ ട്രെയിനില്‍ കയറുന്നതിനിടെയാണ് അപകടം. ലീനാമ്മ ഔസേപ്പ് കാല്‍ വഴുതി ചവിട്ടുപടിയില്‍ കുടുങ്ങി ട്രെയിനില്‍ തൂങ്ങിക്കിടന്നു നിലവിളിക്കുകയായിരുന്നു. സംഭവം കണ്ട് യാതൊന്നും ചെയ്യാന്‍ സാധിക്കാതെ നോക്കി നില്‍ക്കാന്‍ മാത്രമേ ബന്ധുക്കള്‍ക്കും മറ്റ് യാത്രക്കാര്‍ക്കും കഴിഞ്ഞുള്ളൂ. ഇതിനിടെ ലീനാമ്മയുടെ രണ്ടു കാലുകളും പാളത്തിനും ട്രെയിനിനും ഇടയില്‍ അകപ്പെട്ടു പോയിരുന്നു.

ഈ സമയം ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന സിപിഒ രാജേഷ്, ട്രെയിനിനു ഒപ്പം ഓടി ലീനാമ്മയെ പിടിച്ചു വലിച്ച് പുറത്ത് എത്തിക്കുകയായിരുന്നു. യാത്രക്കാരിയുടെ ജീവന്‍ രക്ഷിച്ച രാജേഷിനെ യാത്രക്കാരും റെയില്‍വേ ജീവനക്കാരും പ്രശംസിച്ചു. തിരുവനന്തപുരം റെയില്‍വേ പോലീസ് സ്റ്റേഷന്‍ സിപിഒ ആണ് രാജേഷ്. നിറകൈയ്യടികളാണ് ഉദ്യോഗസ്ഥന് ഇപ്പോള്‍ ലഭിക്കുന്നത്. സമൂഹമാധ്യമങ്ങളിലും രാജേഷ് എന്ന ഉദ്യോഗസ്ഥന്‍ തന്നെയാണ് താരം.

Exit mobile version