ഭാര്യയുമായി വഴക്കിട്ട് പിരിഞ്ഞു, ഫേസ്ബുക്ക് വഴി മറ്റൊരു പ്രണയം, ഒടുക്കം വിവാഹാഭ്യര്‍ത്ഥന നല്‍കി പീഡിപ്പിച്ചു, 35 ലക്ഷം സ്വന്തമാക്കി; സിനിമ നിര്‍മ്മാതാവെന്ന് പറഞ്ഞ് പരിചയപ്പെട്ട യുവാവിന് കുരുക്ക് വീണു

കൊച്ചി: യുവതിയിക്ക് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച് 35 ലക്ഷം സ്വന്തമാക്കിയ വിദേശ മലയാളിയെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവല്ല സ്വദേശിനിയെ ആണ് പത്തനംതിട്ട വൈക്കത്തുവീട്ടില്‍ ജെയിംസ് തോമസ് എന്ന യുവാവ് പീഡിപ്പിച്ചത്. ജെയിംസ് ഭാര്യയുമൊത്ത് കാനഡയിലായിരുന്നു താമസം. എന്നാല്‍ അതിനിടെ ഭാര്യയുമായി വഴക്കിട്ട് പിരിയുകയായിരുന്നു.

തുടര്‍ന്ന് ഫേസ്ബുക്ക് വഴിയാണ് യുവതിയെ പരിചയപ്പെട്ടത്. പിന്നീട് അസുഖംമൂലം രണ്ടുമാസത്തിലധികം എറണാകുളത്തെ ആശുപത്രിയില്‍ ചികിത്സയില്‍ കിടന്ന യുവതിയെ പരിചരിക്കാന്‍ ഇയാള്‍ കൂടെനിന്നു. ആശുപത്രിയില്‍നിന്നും ഡിസ്ചാര്‍ജ് ആയതിനുശേഷം ഇയാള്‍ യുവതിയുടെകൂടെ താമസമാക്കി. ഇതിനിടയില്‍ പല ബിസിനസ് ആവശ്യങ്ങള്‍ പറഞ്ഞു 35 ലക്ഷം രൂപ കൈക്കലാക്കുകയായിരുന്നു. പിന്നീട് കാനഡയില്‍ പോയ ഇയാള്‍ നാട്ടില്‍ തിരിച്ചെത്തി മറ്റൊരു യുവതിയുമായി വിവാഹം ഉറപ്പിക്കുകയും ചെയ്തു. ഈ വിവരം അറിഞ്ഞ തിരുവല്ല സ്വദേശിനി എറണാകുളം എസിപിക്ക് നല്‍കിയ പരാതിയില്‍ നോര്‍ത്ത് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇയാള്‍ പിടിയിലായത്.

ചോദ്യംചെയ്യലില്‍ ഫേസ്ബുക്ക് പ്രൊഫൈലില്‍ സിനിമ നിര്‍മ്മാതാവാണെന്നാണു അവകാശപ്പെട്ടിരുന്നത്. ഇതുകണ്ട് ഇയാളുമായി സൗഹൃദത്തിലായ നിരവധി യുവതികളെ ഇയാള്‍ വലയിലാക്കിയതായി പോലീസ് സംശയിക്കുന്നുണ്ട്.

Exit mobile version